വാഹനങ്ങളില്‍ സാധനങ്ങള്‍ കൊണ്ടുപോകുമ്പോള്‍ കൃത്യമായി കെട്ടിയുറപ്പിച്ചില്ലെങ്കില്‍ പിന്നിലുള്ള വാഹനങ്ങളിലെ യാത്രക്കാരുടെ കാര്യം കട്ടപ്പൊകയായിരിക്കും. ബൈക്ക് യാത്രക്കിടയില്‍ മുന്നില്‍ പോകുന്ന വാഹനത്തില്‍ നിന്ന് തെറിച്ച് വീണ ഒരു വസ്തു ഇടിച്ചു വീഴ്ത്തിയെങ്കിലും ഈ ബൈക്ക് യാത്രികന്‍ രക്ഷപ്പെട്ടു. ഇടിച്ചിട്ട വസ്തു തന്നെയാണ് പരുക്കേല്‍ക്കാതെ കാത്തതും. പറന്നുവന്ന് ബൈക്ക് യാത്രികനെ ആക്രമിച്ചത് ഒരു കിടക്കയായിരുന്നു. അതിവേഗത്തില്‍ പാഞ്ഞുപോയ ട്രക്കില്‍ നിന്നും അക്ഷരാര്‍ത്ഥത്തില്‍ പറന്നിറങ്ങിയാണ് മെത്തയുടെ ആക്രമണം.
ബൈക്കിന്റെ ബാലന്‍സ് നഷ്ടമായി തെന്നി വീണെങ്കിലും കിടക്ക തന്നെ രക്ഷകനായി. ഓസ്ട്രേലിയയിലെ ബ്രിസ്ബെനിലാണ് സംഭവം നടന്നത്. ടണലിലൂടെ ബൈക്ക് ഓടിക്കുന്നതിന് ഇടയിലാണ് ആരോണ്‍ വുഡിന് നേര്‍ക്ക് ഒരു മാട്രസ് പറന്നുവന്നത്. പുറകേ എത്തിയ യാത്രക്കാര്‍ സഹായിച്ചതോടെ കിടക്ക സൈഡിലേക്കൊതുക്കി വീണ്ടും യാത്ര തുടരാന്‍ ഇദ്ദേഹത്തിനായി. എന്തായാലും കിടക്ക പറത്തി അശ്രദ്ധമായി വാഹനമോടിച്ച ട്രക്ക് ഡ്രൈവറെ ഓസ്ട്രേലിയന്‍ പൊലീസ് പൊക്കി. 275 ഓസ്ട്രേലിയന്‍ ഡോളര്‍ പിഴ ചുമത്തുകയും ചെയ്തു. റോഡരുകില്‍ സ്ഥാപിച്ചിരുന്ന സിസിടിവി കാമറയില്‍ നിന്നാണ് സംഭവത്തിന്റെ ദൃശ്യങ്ങള്‍ ലഭിച്ചത്.