കറുകച്ചാൽ: റോഡ് മുറിച്ചുകടന്ന പേരക്കുട്ടിയെ കാർ ഇടിച്ചു വീഴ്ത്തി. പ്രകോപിതനായ മുത്തച്ഛൻ ഡ്രൈവറെ വെട്ടി പരിക്കേല്പിച്ചു. കറുകച്ചാൽ ടൗണിലെ ടാക്സി ഡ്രൈവർ കൂത്രപ്പള്ളി കുപ്പേക്കുഴിയിൽ അജി (40) യുടെ തലയ്ക്കാണു പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം 5.15നു കോട്ടയംകോഴഞ്ചേരി റോഡിൽ തൊമ്മച്ചേരിക്ക് സമീപമായിരുന്നു സംഭവം.
കറുകച്ചാലിൽനിന്നു കോട്ടയത്തേക്ക് അജിയും സുഹൃത്തും കാറിൽ പോകവെ തൊമ്മച്ചേരിക്ക് സമീപം റോഡ് മുറിച്ചു കടക്കാൻ ശ്രമിച്ച പെണ്‍കുട്ടിയെ വാഹനം തട്ടുകയായിരുന്നു. റോഡിൽ വീണെങ്കിലും പെണ്‍കുട്ടിക്ക് പരിക്കേറ്റില്ല.
അജി പുറത്തിറങ്ങി പെണ്‍കുട്ടിയെ റോഡിൽനിന്നു പിടിച്ചെഴുന്നേൽപിക്കുന്പോൾ, റോഡിന്റെ വശത്ത് പുല്ല് ചെത്തിക്കൊണ്ടിരുന്ന പെണ്‍കുട്ടിയുടെ മുത്തച്ഛൻ ചന്പക്കര തെക്കേടത്ത് കേശവൻ നായർ സംഭവം കണ്ടു പ്രകോപിതനാകുകയും കാറിൽനിന്നു പുറത്തിറങ്ങിയ അജിയെ പുല്ല് ചെത്തുന്ന അരിവാൾ കൊണ്ട് തലയ്ക്ക് വെട്ടുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
തലയുടെ ഇടതു ഭാഗത്ത് സാരമായി പരിക്കേറ്റ അജിയെ നാട്ടുകാരും ഓട്ടോ തൊഴിലാളികളും ചേർന്ന് കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിൽ കറുകച്ചാൽ പോലീസ് കേസെടുത്തു.