കോഴിക്കോട് : പൂളാടിക്കുന്ന് -തൊണ്ടയാട് ബൈപാസില്‍ നിര്‍ത്തിയിട്ട ലോറിയ്ക്ക് പിന്നില്‍ ടാങ്കര്‍ ലോറി ഇടിച്ചു. ഇന്ന് രാവിലെ ആറോടെ മലാപ്പറമ്പ് വേദവ്യാസ സ്കൂളിന് സമീപത്താണ് അപകടം.
റോഡരികില്‍ നിര്‍ത്തിയിട്ട കര്‍ണാടക രജിസ്ട്രേഷന് ലോറിക്ക് പിറകെ ഗ്യാസ് ടാങ്കര്‍ ഇടിക്കുകയായിരുന്നു. ടാങ്കറിലെ ഡ്രൈവറും ക്ലീനറും അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്.
ഇരുവര്‍ക്കും യാതൊരു പരിക്കുകളുമില്ലെന്ന് പോലീസ് അറിയിച്ചു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട ടാങ്കര്‍ ലോറിയുടെ ഡ്രൈവര്‍ കാബിന് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.
ടാങ്കര്‍ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് ഗ്യാസ് ചോര്‍ച്ചയുണ്ടാകുമോയെന്ന ആശങ്ക നിലനിന്നിരുന്നു. ഇതോടെ ഇതുവഴിയുള്ള ഗതാഗതം പോലീസ് നിയന്ത്രിച്ചു.
വെള്ളിമാട് കുന്നില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് സ്ഥലത്തെത്തുകയും ഫോംടെന്ഡര് ഉള്‍പ്പെടെ ഗ്യാസ് ചോര്‍ച്ച തടയുന്നതിനുള്ള മുഴുവന്‍ സന്നാഹങ്ങള്‍ ഒരുക്കുകയും ചെയ്തു. എന്നാല്‍ ടാങ്കര്‍ പരിശോധിച്ചതോടെ ഗ്യാസ് ചോര്‍ച്ചയില്ലെന്ന് ഫയര്‍ഫോഴ്സ് സ്ഥിരീകരിച്ചു.
ഇതോടെ ടാങ്കര്‍ ലോറിയുടെ ഗ്യാസ് നിറച്ച ക്യാപ്സ്യൂള്‍ മറ്റൊരു ടാങ്കര്‍ ലോറിയിലേക്ക് മാറ്റാനുള്ള ശ്രമം ആരംഭിച്ചു. ഇതിനായി ക്രയിന്‍ സ്ഥലത്തെത്തിക്കുച്ചുവെങ്കിലും വിദഗ്ധ സംഘത്തിന്റെ സഹായവും ആവശ്യമായി വന്നു.
ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ ഗ്യാസ് ടാങ്കറായിരുന്നു അപകടത്തില്‍പ്പെട്ടത്. ഇതോടെ ഹിന്ദുസ്ഥാന്‍ പെട്രോളിയം വിദഗ്ധരും സംഭവസ്ഥലത്തെത്തി. പിന്നീടാണ് ക്യാപ്സ്യൂള്‍ മറ്റൊരു ലോറിയില്‍ ഘടിപ്പിച്ച ശേഷം ഗതാഗതം പുനരാരംഭിച്ചത്. നടക്കാവ് പോലീസും ട്രാഫിക് പോലീസും സ്ഥലത്തെത്തി സ്ഥിതി ഗതികള്‍ നിയന്ത്രിച്ചു.