ചാത്തന്നൂർ: ഇത്തിക്കര പാലത്തിന് സമീപം സൂപ്പർ എക്സ്പ്രസും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു. മുപ്പതോളം പേർക്ക് പരിക്കേറ്റു. ഇവരിൽ അഞ്ചുപേരുടെ നിലഗുരുതരം. കെഎസ്ആർടിസി കണ്ടക്ടർ ടി.പി സുഭാഷ് (30), ഡ്രൈവർ കോഴിക്കോട് മലയണ്ണാ കുപ്പാറത്തുവീട്ടിൽ അബ്ദുൽഅസീസ് , ലോറി ഡ്രൈവർ ചെങ്കോട്ട പുളിയറ കേശവപുരം കോവിൽതെരുവിൽ വീട്ടിൽ ഗണേശ് (33) എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെ 6.20നായിരുന്നു അപകടം. എക്സ്പ്രസ് ബസ് താമരശേരിയിൽനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു. ലോറി മൈദയുമായി തിരുനെൽവേലിയിൽനിന്നും കൊല്ലം മാർക്കറ്റിലേക്ക് വരികയായിരുന്നു. നിർത്തിയിട്ടിരുന്ന സ്വകാര്യബസിനെ സൂപ്പർഎക്സ്പ്രസ് ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടം.
ഇടിയുടെ ആഘാതത്തിൽ ബസ് ലോറിക്കിടയിലേക്ക് ഇടിച്ചുകയറി . കടപ്പാക്കട, ചാമക്കട എന്നിവിടങ്ങളിൽനിന്ന് ഫയർഫോഴ്സും പോലീസുമെത്തി ബസ് വെട്ടിപൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.
പരിക്കേറ്റ 21പേരെ കൊട്ടിയത്തെ വിവിധ സ്വകാര്യ ആശുപത്രികളിലും മറ്റുള്ളവരെ കൊല്ലം ജില്ലാആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. കെഎസ്ആർടിസി കണ്ടക്ടർ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിമധ്യേയാണ് മരിച്ചത്. അപകടത്തെതുടർന്ന് ഒന്നരമണിക്കൂറോളം ദേശീയപാതയിൽ ഗതാഗത തടസമുണ്ടായി. ശരണ്യയാണ് മരിച്ചഗണേശിന്റെ ഭാര്യ. മകൾ പ്രീജി.
അപകടവിവരമറിഞ്ഞ് മന്ത്രിമാരായ മേഴ്സിക്കുട്ടിയമ്മ, ശശീന്ദ്രൻ , സ്ഥലം എംഎൽഎ ജയലാൽ, ട്രാൻസ്പോർട്ട് കമ്മീഷണർ ടോമിൻ തച്ചങ്കരി തുടങ്ങിയവർ സംഭവസ്ഥലത്ത് എത്തി അപകടത്തിൽപ്പെട്ടവർക്ക് വേണ്ടസഹായങ്ങൾ ലഭ്യമാക്കി.