കോട്ടയം: ‘ഒരിത്തിരീങ്കൂടി സ്പീഡ് ഉണ്ടാരുന്നേലെ…ഈ വീടുംകൂടി അങ്ങ് പൊളിഞ്ഞേനെ…’ വെള്ളാനകളുടെ നാട് എന്ന ചിത്രത്തിലെ ഏറെ ഹിറ്റായ ഒരു ഡയലോഗാണ്.
നിയന്ത്രണം നഷ്്ടപ്പെട്ട റോഡ് റോളർ നായിക ശോഭനയുടെ വീടിന്റെ മതില് ഇടിച്ചു പൊളിച്ച് മുറ്റത്തു വന്നു നിൽക്കുന്പോൾ പപ്പു മോഹൻലാലിനോട് പറയുന്നതാണിത്.
അതുപോലെയായിരുന്നു കഴിഞ്ഞ ദിവസം മൂന്നു യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം നഷ്്ടപ്പെട്ട് കാഞ്ഞിരപ്പള്ളി മുക്കൂട്ടുതറയിലെ റീത്ത് കടയിലേക്ക് ഇടിച്ചു കയറിയത്.
അപകടത്തിൽ നിസാര പരിക്കേറ്റ മൂന്നുപേരേയും കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മുക്കൂട്ടുതറ സിഗ്മ സ്റ്റോഴ്സിലായിരുന്നു സംഭവം.
കടയുടമ സജി രാവിലെ കട തുറന്ന് റീത്തും ബൊക്കയും മാലയുമൊക്കെ പുറത്തു വെയ്ക്കുകയായിരുന്നു. ഈ സമയത്താണ് അമിത വേഗത്തിൽ ഇരന്പിയെത്തിയ ബൈക്ക് മൂവർ സംഘവുമായി കടയിക്കുള്ളിലേക്ക് ഇടിച്ചു കയറിയത്.
കടയുടെ ഫ്ളക്സ് കീറി റീത്തും ബൊക്കയും തട്ടിത്തെറിപ്പിച്ചുകൊണ്ടായിരുന്നു ബൈക്ക് എത്തിയത്. കടയിക്കുള്ളിലേക്ക് ബൈക്ക് ഇടിച്ചു കയറിയെങ്കിലും സജിക്കു പരിക്കേറ്റില്ല.
റീത്ത് കടയിലേക്കു ‘കയറ്റി’ പാർക്ക് ചെയ്ത ബൈക്ക് കണ്ട ദൃക്സാക്ഷിയായ ഒരു നാട്ടുകാർ മൂവർ സംഘത്തോടായി പറഞ്ഞു, ‘ഒരിത്തിരീങ്കൂടി സ്പീഡ് ഉണ്ടാരുന്നേലെ… ഈ കടയിലെ റീത്ത് തന്നെ നെഞ്ചത്തു വെയ്ക്കാമായിരുന്നു…’