മുക്കം: ചാമ്പയ്ക്ക പറിക്കുന്നതിനിടെ കിണറ്റിൽ വീണ വിദ്യാർഥിയെ മുക്കം അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. മുക്കം നഗരസഭയിലെ തോട്ടത്തിൻകടവ് പച്ചക്കാട് ഇന്നലെയാണ് സംഭവം.
കല്ലുരുട്ടി കാരാടൻ റഹീമിന്റെ മകൻ ജിഫിൻ (23) നാണ് കിണറ്റിൽ വീണത്. കിണറിനോട് ചേർന്ന്നിന്ന ചാമ്പക്ക മരത്തിൽ നിന്നും ചാമ്പക്ക പറിക്കുന്നതിനിടെ കാൽവഴുതി കിണറിലേക്ക് വീഴുകയായിരുന്നു.
നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരിൽ ഒരാൾ ഉടൻതന്നെ കിണറ്റിലിറങ്ങി അടിയിലേക്ക് താഴ്ന്നു പോവുകയായിരുന്ന ജിഫിനെ പിടിച്ചു ഉയർത്തുകയായിരുന്നു. ഉടൻതന്നെ സ്ഥലത്തെത്തിയ മുക്കം അഗ്നിരക്ഷാ സേന കിണറ്റിലിറങ്ങി ഇരുവരേയും രക്ഷപ്പെടുത്തി.
ജിഫിൻ്റെ തല കിണറിൻ്റെ വശങ്ങളിൽ ഇടിച്ചതിനാൽ ചെവിയിൽ നിന്നും ചോര വരുന്നുണ്ടായിരുന്നു. ഓർമയും നഷ്ടപ്പെട്ടിരുന്നു. അത്യാസന്ന നിലയിലായ ജിഫിനെ അഗ്നിരക്ഷാസേന പ്രാഥമിക ചികിത്സ നൽകിയ ശേഷം ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
മുക്കം ജനമൈത്രി എസ്.ഐ അസൈൻ്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സ്ഥലത്തെത്തി വിദ്യാർഥിയെ ആശുപത്രിയിൽ എത്തിക്കുന്നതിന് വേണ്ടിയുള്ള മാർഗ തടസങ്ങൾ ഒഴിവാക്കി. അഗ്നിരക്ഷാസേന സിവിൽ ഡിഫൻസ് അംഗങ്ങളും സന്നദ്ധ പ്രവർത്തകരും സ്വകാര്യ ആശുപത്രി വരെയുള്ള റോഡിലെ വാഹനങ്ങൾ നിയന്ത്രിക്കാൻ നേതൃത്വം നൽകി.
സമീപത്തുകൂടി പോവുകയായിരുന്ന ജോർജ് എം. തോമസ് എംഎൽഎ സംഭവ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയും അഗ്നിരക്ഷാസേനയെ അഭിനന്ദിക്കുകയും ചെയ്തു.
രക്ഷാ പ്രവർത്തനത്തിന് മുക്കം അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫിസർ ജയപ്രകാശ്, അസി. സ്റ്റേഷൻ ഓഫിസർ വിജയൻ നടുത്തൊടികയിൽ, ഉദ്യോഗസ്ഥരായ ബാബു, റാഷിദ്, ഫാസിൽ, രമേശ്, അൻവർ, സന്തോഷ് കുമാർ, നിഖിൽ നേതൃത്വം നൽകി.