പെട്രോൾ ടാങ്കർ ഇരുചക്ര വാഹനത്തിൽ ഇടിച്ച് മൂന്ന് വയസ്സുള്ള ഇരട്ട സഹോദരിമാർ മരിച്ചു. അപകടത്തിൽ മാതാപിതാക്കൾക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു. പൂനെയിലെ വിശ്രാന്തിവാഡി ചൗക്കിലാണ് സംഭവം.
സതീഷ് കുമാർ ഝാ (40) തന്റെ 3 വയസ്സുള്ള ഇരട്ട പെൺമക്കൾക്കും ഭാര്യക്കുമൊപ്പം ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുമ്പോൾ വിശ്രാന്തിവാഡി ചൗക്കിലെ ട്രാഫിക് ലൈറ്റിന് സമീപം നിർത്തി. സിഗ്നൽ മാറി വണ്ടി മുന്നോട്ട് എടുക്കുമ്പോൾ പിന്നിൽ നിന്ന് വന്ന പെട്രോൾ ടാങ്കർ മോട്ടോർ സൈക്കിളിൽ ഇടിക്കുകയായിരുന്നു.
നിലത്ത് വീണ രണ്ട് കുട്ടികൾ തൽക്ഷണം മരിക്കുകയും മാതാപിതാക്കൾക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രദേശത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളിൽ അപകടത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മാതാവ് സസൂൺ ആശുപത്രിയിൽ ചികിത്സയിലാണ്. പിതാവിന് നിസാര പരിക്കേറ്റു. സംഭവത്തിൽ പെട്രോൾ ടാങ്കർ ഡ്രൈവറെ അറസ്റ്റ് ചെയ്തിട്ടുണ്ട്.