തൃശൂര്‍: ദേശീയപാത 47 തോട്ടപ്പടിയില്‍ സ്വകാര്യബസ് നിയന്ത്രണം വിട്ടു മറിഞ്ഞു മുപ്പതോളം പേര്‍ക്കു പരിക്കേറ്റു. ഇന്നലെ രാവിലെ 9.30 നു വെള്ളാനിക്കര പ്രാഥമികാരോഗ്യകേന്ദ്രത്തിനു സമീപമായിരുന്നു അപകടം. പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളജ്, ജൂബിലി മിഷന്, ജില്ലാ ജനറല്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്കുകള്‍ ഗുരുതരമല്ല.
പാലക്കാടുനിന്നു തൃശൂരിലേക്കുവന്ന മോന്‍സി ബസാണ് അപകടത്തില്‍പ്പെട്ടത്. ബസുകളുടെ മത്സരയോട്ടമാണ് അപകടകാരണമെന്നു ദൃക്സാക്ഷികള്‍ പറയുന്നു. ആറുവരിപ്പാത നിര്‍മാണം നടക്കുന്നതിനാല്‍ അപകടം നടന്ന ഭാഗത്തു നിലവില്‍ രണ്ടു വരിയായാണു വാഹനങ്ങളെ കടത്തിവിട്ടിരുന്നത്. മറ്റൊരു ബസിനെ മറികടക്കുന്നതിനായി റോഡില്‍ നിന്നുവിട്ടുള്ള മണ്പാതയിലേക്കു വെട്ടിച്ചു കയറ്റിയപ്പോഴാണു ബസ് മറിഞ്ഞത്. മറിഞ്ഞ ബസ് മണ്ണുറോഡിലൂടെ നിരങ്ങിനീങ്ങി. ബസിന്റെ മുന്‍ഭാഗത്തെ ടയറുകള്‍ ആക്സില്‍ സഹിതം ഊരിത്തെറിച്ചിട്ടുണ്ട്.
ഞായറാഴ്ചയായതിനാല്‍ ബസില്‍ തിരക്കു കുറവായിരുന്നതു വന്‍ ദുരന്തം ഒഴിവാക്കി. അമ്പതോളം യാത്രക്കാര്‍ മാത്രമാണു ബസിലുണ്ടായിരുന്നത്. ഇവര്‍ക്കെല്ലാം ചെറുതും വലുതുമായ പരിക്കുകള്‍ പറ്റിയിട്ടുണ്ട്. വാതിലിന്റെ വശം തലകീഴായി മറിഞ്ഞതിനാല്‍ ഉള്ളില്‍ കുടുങ്ങിയവരെ ചില്ലു തകര്‍ത്താണു രക്ഷപ്പെടുത്തിയത്. പരിക്കേറ്റവരെ ഉടന്‍തന്നെ ജനറല്‍ ആശുപത്രിയും ജൂബിലി മിഷന് ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. കൂടുതല്‍ പരിക്കുകളുള്ള ഏഴു പേരെ പിന്നീട് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
ജനറല്‍ ആശുപത്രിയില്‍ എത്തിച്ച 24 പേരില്‍ അഞ്ചുപേരൊഴികെയുള്ളവര് പ്രാഥമിക ചികിത്സയ്ക്കുശേഷം ആശുപത്രിവിട്ടു. പാലക്കാട് കല്ലേപ്പുള്ളി കളരിക്കല്‍ പരേതനായ ശങ്കരന്‍കുട്ടിയുടെ ഭാര്യ ദേവയാനി (37), മുടപ്പല്ലൂര്‍ കൊശം വേലായുധന്റെ മകന് ശിവദാസന്‍ (34), കണ്ണാടി ആരോമം നിവാസില്‍ വേലായുധന്റെ ഭാര്യ പാര്‍വതി (63), മകള്‍ ഷിജ (35)എന്നിവരെയാണു മെഡിക്കല്‍ കോളജിലേക്കു മാറ്റിയത്. ഷിജയുടെ രണ്ടുവയസുള്ള മകന് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വേലായുധന്റെ വാരിയെല്ലുകള്‍ തകര്‍ന്നിട്ടുണ്ട്. ശിവദാസിന്റെ കൈയ്ക്കും വാരിയെല്ലിനും ദേവയാനിയുടെ നട്ടെല്ലിനുമാണു പരിക്കേറ്റത്. കമ്പിയില്‍ തലയിടിച്ചും ബസിനകത്തു മറിഞ്ഞുവീണും തലയ്ക്കും കൈകാലുകള്‍ക്കും മുറിവും ചതവുമാണു മറ്റുളവര്‍ക്കു സംഭവിച്ചത്. മണ്ണുത്തി പോലീസ് സ്ഥലത്തെത്തിയിരുന്നു. അമിതവേഗവും അപകടക രമായ െ്രെഡവിംഗുമാണു ബസ് മറിയാന്‍ ഇടയായതെന്നാണു പോലീസിന്റെ നിഗമനം.