തിരുവല്ല: സുഹൃത്തിന്റെ വിവാഹ വാര്‍ഷിക ആഘോഷം കഴിഞ്ഞ് മടങ്ങിയ മൂന്നംഗ സംഘം സഞ്ചരിച്ചിരുന്ന ബുള്ളറ്റ് തിരുവല്ല കച്ചേരിപ്പടിയില്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്ക്.
തിരുവല്ല മഞ്ഞാടി കമലാലയത്തില്‍ വിഷ്ണു ഉണ്ണികൃഷ്ണന് (25 ), തിരുവല്ല പുഷ്പഗിരി ആശുപത്രിക്ക് സമീപം കിഴക്കേ പറമ്പില്‍ ആസിഫ് അര്‍ഷാദ് (24) എന്നിവരാണ് മരിച്ചത്. മഞ്ഞാടി പുതുപ്പറമ്പില്‍ അരുണിനാണ് ( 25 ) പരിക്കേറ്റത്.
കച്ചേരിപ്പടി ജംഗ്ഷന് സമീപം ഇന്ന് പുലര്‍ച്ചെ മൂന്നോടെയായിരുന്നു അപകടം. താലൂക്ക് ആശുപത്രി ഭാഗത്തു നിന്നെത്തിയ ബുള്ളറ്റ് നിയന്ത്രണം വിട്ട് നടപ്പാതയിലേക്ക് ഇടിച്ചു കയറിയശേഷം മതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ വിഷ്ണുവും ആസിഫും തല്‍ക്ഷണം മരിച്ചു.
രിക്കേറ്റ അരുണിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച ഇരുവരുടെയും മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി. ആമല്ലൂരില് സുഹൃത്തിന്റെ വിവാഹ വാര്‍ഷിക ആഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്നു മൂവരും.
റോഡ് റോളര്‍ തലയിലൂടെ കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം
അഞ്ചൽ: റോഡ് റോളർ കയറിയിറങ്ങിയുണ്ടായ അപകടത്തിൽ യുവാവ് തല്‍ക്ഷണം മരിച്ചു. അലയമണ്‍ കണ്ണങ്കോട് ചരുവിള വീട്ടില്‍ വിനോദ് (35 ) ആണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നേകാലോടെയാണ് നാടിനെ നടുക്കിയ ദാരുണ സംഭവം നടന്നത്.
ബൈപാസിനോട് ചേര്‍ന്നുള്ള റോഡ് നിര്‍മാണത്തിനായി രാത്രി റോഡ് റോളര്‍ എടുക്കവേ വാഹനം വിനോദിന്റെ തലയിലൂടെ കയറി ഇറങ്ങുകയായിരുന്നു. വിനോദ് വാഹനത്തിനു മുന്നില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു എന്നാണു പ്രാഥമിക വിവരം.
ബൈപാസില്‍ കാര്യമായ വെളിച്ച സൗകര്യങ്ങള്‍ ഒന്നുമില്ലാതിരുന്നതിനാല്‍ റോഡ് റോളര്‍ ഓപ്പറേറ്റര്‍ വിനോദിനെ കണ്ടിരുന്നില്ല എന്നാണു പോലീസിനു നല്കിയ മൊഴി.
വിവരം അറിഞ്ഞെത്തിയ അഞ്ചല്‍ പോലീസ് മൃതദേഹം അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചങ്കിലും ആദ്യം ആളിനെ തിരിച്ചറിയുകയുണ്ടായില്ല.
പിന്നീട് മൃതദേഹത്തിനരികില്‍ നിന്നും ലഭിച്ച മൊബൈല്‍ഫോൺ, ബന്ധുക്കള്‍ അയല്‍വാസികള്‍ എന്നിവരുടെ സഹായത്തോടെയാണ് മരിച്ചത് വിനോദ് ആണെന്ന് പോലീസ് തിരിച്ചറിഞ്ഞത്.
തുടർന്ന് മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.മേല്‍നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ഉച്ചയോടെ ബന്ധുക്കള്‍ക്ക് വിട്ടുനല്കുമെന്നു അഞ്ചല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.ജി. ഗോപകുമാര്‍ പറഞ്ഞു. അവിവാഹിതനാണ് മരിച്ച വിനോദ്.
നിലന്പൂർ ചുങ്കത്തറയിൽ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു
നിലന്പൂർ: നിലന്പൂർ ചുങ്കത്തറയിൽ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് രണ്ടു വിദ്യാർഥികൾ മരിച്ചു. ചുങ്കത്തറ മുട്ടിക്കടവിലായിരുന്നു അപകടം.
പാതിരിപ്പാടം പൂക്കോട്ടുമണ്ണ അയ്യപ്പശേരിയിൽ യദുകൃഷ്ണ, സുഹൃത്ത് ഉപ്പട ആനക്കല്ല് ആച്ചക്കോട്ടിൽ ഷിബുവിന്റെ മകൻ ഷിബിൻ രാജ് എന്നിവരാണ് അപകടത്തിൽ മരിച്ചത്.
മരണമടഞ്ഞ ഇരുവരും ചുങ്കത്തറയിലുള്ള മാർത്തോമ്മ ഹയർസെക്കൻഡറി സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാർഥികളാണ്. ഇന്നു രാവിലെ എട്ടോടെ മുട്ടിക്കടവ് പെട്രോൾ പന്പിനു മുന്നിലായിരുന്നു അപകടം. വിദ്യാർഥികൾ ട്യൂഷൻ ക്ളാസിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം.
പിക്കപ്പിലിടിച്ച ബൈക്കിൽനിന്നു തെറിച്ചു വീണ ഇരുവരുടെയും തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ഉടൻ ഇവരെ നിലന്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നിലന്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.