ആലപ്പുഴ: തക്കാളി കയറ്റി വന്ന ലോറി പാലത്തിൽ നിന്നും താഴേക്ക് വീണു. ഡ്രൈവറും ക്ലീനറും അദ്ഭുതകരമായി രക്ഷപ്പെട്ടു. ഡ്രൈവർക്ക് നിസാരപരിക്കുണ്ട്. ഇന്ന് പുലർച്ചെ നാലിന് ആലപ്പുഴ പള്ളാത്തുരുത്തി പാലത്തിലായിരുന്നു സംഭവം. തമിഴ്നാട് ഹോസ്ദുർഗിൽ നിന്നും ചങ്ങനാശേരിയിലേക്ക് ലോഡുമായി വന്ന ലോറിയാണ് പാലത്തിന്റെ തെക്കേ കൈവരികൾ തകർത്ത് താഴേക്ക് പതിച്ചത്.
വടക്കേ കൈവരികളും തകർന്നിട്ടുണ്ട്. കനാലിന്റെ കരയിൽ വീണതിനാൽ ആളപായമുണ്ടായില്ല. ലോറിയിലെ തക്കാളി മുഴുവൻ നശിച്ചു. 16 ടണ്ണോളം വരുന്ന തക്കാളിയും ബജി മുളകും കുക്കുന്പറുമാണ് ലോറിയിലുണ്ടായിരുന്നത്. 15 ലക്ഷത്തിന്റെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.
ആലപ്പുഴ: എസി റോഡിൽ പാലത്തിന്റെ കൈവരികൾ തകർന്നുള്ള അപകടം പതിവാകുകയാണ്. രാത്രികാലങ്ങളിൽ പാലങ്ങളിൽ വെളിച്ചമില്ലാത്തതാണ് അപകടത്തിന് പ്രധാനകാരണം. പള്ളാത്തുരുത്തി പാലത്തിൽ ഇന്നുപുലർച്ചെയുണ്ടായ അപകടത്തിൽ തലനാരിഴയ്ക്കാണ് രണ്ട് ജീവനുകൾ രക്ഷപ്പെട്ടത്. തോട്ടിലേക്കാണ് വണ്ടി മറിഞ്ഞിരുന്നതെങ്കിൽ അപകടത്തിന്റെ തീവ്രത വർധിച്ചേനെ.
കഴിഞ്ഞയാഴ്ച പള്ളാത്തുരുത്തിക്ക് കിഴക്കുവശം പൊങ്ങ പാലത്തിൽ ഇതേ രീതിയിൽ വാഴക്കുലകൾ കയറ്റിവന്ന ലോറി കൈവരികൾ തകർത്ത് അപകടത്തിൽപ്പെട്ടിരുന്നു. അപകടത്തിൽ ഡ്രൈവർക്ക് പരിക്കേറ്റിരുന്നു. അപകടങ്ങൾ വർധിക്കുന്പോഴും പാലങ്ങളുടെ അറ്റകുറ്റപണി യഥാസമയം നടത്താനോ അപകടമുണ്ടാക്കുന്നവരിൽ നിന്നും നഷ്ടപരിഹാരം ഈടാക്കാനോ അധികൃതർ തയാറാകുന്നില്ല.
തകരുന്ന കൈവരികൾ അതേപടി വർഷങ്ങളായി കിടക്കുന്ന കാഴ്ചയാണ് എസി റോഡിൽ കാണപ്പെടുന്നത്. ഇതിലൂടെ വീണ്ടും വാഹനങ്ങൾ അപകടത്തിൽപ്പെടുന്നുണ്ട്. ഇരുചക്ര വാഹനങ്ങളാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്.