വടക്കാഞ്ചേരി: തൃശൂർ-ഷൊർണൂർ സംസ്ഥാന പാതയിൽ വടക്കാഞ്ചേരിക്കടുത്ത് അകമലയിൽ റോഡ് തകർന്നു കിടക്കുന്നത് അപകടങ്ങൾക്കിടയാക്കുന്നു. അകമല ശ്രീ ധർമശാസ്താക്ഷേത്രത്തിന് സമീപം റോഡിന്റെ സ്ഥിതി അതീവ ശോചനീയമാണ്. ക്ഷേത്രത്തിന് മുൻവശം തോട്ടുപാലത്തിന് സമീപത്തായി റോഡിൽ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്.
ഇതിൽ വീണ് ഇരുചക്രവാഹനയാത്രികർക്ക് അപകടം പറ്റുന്നത് പതിവായിട്ടുണ്ട്. കുഴികളുടെ വലുപ്പം ദിവസം തോറും വർധിക്കുന്നത് കൂടുതൽ അപകടങ്ങൾക്കിടയാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.ക്ഷേത്രത്തിന് മുന്നിൽ സീബ്രാലൈൻ വരച്ചിരുന്നതും മാഞ്ഞുപോയിരിക്കുകയാണ്.
ക്ഷേത്രത്തിലേക്ക് വരുന്ന നിരവധി ഭക്തജനങ്ങൾക്ക് റോഡ് മുറിച്ചു കടക്കുന്നതിന് സീബ്രലൈൻ ഏറെ സഹായമായിരുന്നു. തൃശൂർ-ഷൊർണൂർ റൂട്ടിൽ നിന്നും തൃശൂർ-തിരുവില്വാമല റൂട്ടിൽ നിന്നും വരുന്ന സ്വകാര്യബസുകളടക്കം നിരവധി വാഹനങ്ങളാണ് ഇതുവഴി അങ്ങോട്ടുമിങ്ങോട്ടും കടന്നുപോകുന്നത്.
സീബ്രലൈനില്ലാത്തത് മൂലം പ്രായമായവരടക്കമുള്ള കാൽനടയാത്രക്കാർ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. റോഡിലെ കുഴികൾ നികത്തി സീബ്രലൈൻ വരച്ച് അപകടങ്ങൾ ഒഴിവാക്കാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് അധികാരികൾക്ക് ക്ഷേത്രം ഭാരവാഹികൾ പരാതി നൽകിയിട്ടുണ്ട്.