കോട്ടയം: കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനിയറിംഗ് കോളജിൽ നിന്നു പഠനയാത്രയ്ക്കു പോയ വിദ്യാർഥികളുടെ സംഘം സഞ്ചരിച്ച ബസ് കർണാടകത്തിലെ ചിക്മംഗളൂരിൽ അപകടത്തിൽപ്പെട്ട് രണ്ടു വിദ്യാർഥിനികൾ മരിച്ചു.
ഐറിൻ മരിയ ജോർജ്, മെറിൻ സെബാസ്റ്റ്യൻ എന്നീ വിദ്യാർഥികളാണ് മരിച്ചതെന്ന് കോളജ് വൃത്തങ്ങൾ അറിയിച്ചു. സുൽത്താൻ ബത്തേരി കൊടുവട്ടി പുത്തൻകുന്ന് പാലിയത്ത്മോളേൽ പി.ടി. ജോർജിന്റെയും എലിസബത്തിന്റെയും മകളാണ് ഐറിൻ. മുണ്ടക്കയം വരിക്കാനിവളയത്തിൽ ദേവസ്യ കുരുവിളയുടെയും റീനാമ്മയുടെയും മകളാണ് മെറിൻ.
ഗുരുതരമായി പരിക്കേറ്റ ഒരു വിദ്യാർഥിയെ മംഗലാപുരം കസ്തൂർബാ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. 12 വിദ്യാർഥികൾക്കു പരിക്കേറ്റു. രാത്രി എട്ടുമണിയോടെ ചിക്മംഗളൂരിൽ മാഗഡി അണക്കെട്ടിനു സമീപമാണ് അപകടം.
ഇലക്ട്രോണിക് ആൻഡ് കമ്യൂണിക്കേഷൻ മൂന്നാം വർഷ ബാച്ചിലെ 74 വിദ്യാർഥികൾ രണ്ടു ബസുകളിലായി അധ്യാപകർക്കും രക്ഷിതാക്കളുടെ പ്രതിനിധികൾക്കുമൊപ്പം കഴിഞ്ഞ ചൊവ്വാഴ്ചയാണ് യാത്ര പുറപ്പെട്ടത്. ബംഗളൂരു, മൈസൂരു, കൂർഗ് എന്നിവിടങ്ങളിലെ വിവിധ സ്ഥാപനങ്ങളും മറ്റും സന്ദർശിച്ചശേഷം രാത്രി ചിക്മംഗളൂരിൽ മാഗഡി അണക്കെട്ടിനടുത്ത് എത്തിയപ്പോഴാണ് അപകടം. സംഘം ഞായറാഴ്ച മടങ്ങിയെത്തേണ്ടതായിരുന്നു.