റെനീഷ് മാത്യു
കണ്ണൂർ: സംസ്ഥാനത്ത് എഐ കാമറ വച്ചിട്ടും റോഡപകടങ്ങൾ കുറയാത്ത സാഹചര്യത്തിൽ ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ട അമിക്കസ് ക്യൂറി റിപ്പോർട്ട് നടപ്പാക്കാൻ തയാറാകാതെ സർക്കാർ.
സ്കൂളിൽനിന്ന് വിനോദയാത്ര പോയ ബസ് വടക്കാഞ്ചേരിയിൽ അപകടത്തിപ്പെട്ട് അഞ്ചുകുട്ടികൾ ഉൾപ്പെടെ ഒൻപത് പേർ മരിച്ച സംഭവത്തിൽ കേരള ഹൈക്കോടതി സ്വമേധയാ കേസ് എടുക്കുകയും വർധിച്ചു വരുന്ന റോഡപകടങ്ങൾ കുറയ്ക്കാൻ നിർദേശങ്ങൾ സമർപ്പിക്കാൻ അമിക്കസ് ക്യൂറിയെ നിയമിക്കുകയും ചെയ്തിരുന്നു.
2022 ഒക്ടോബർ അഞ്ചിനായിരുന്നു വടക്കാഞ്ചേരി അപകടം. ജസ്റ്റീസ് ദേവൻ രാമചന്ദ്രനാണ് അന്ന് കേസ് എടുത്തത്. 97 കിലോമീറ്റർ വേഗതയിൽ പോയ വാഹനം നിയന്ത്രിക്കാൻ റോഡിൽ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ ആരും ഉണ്ടായില്ല എന്നത് അന്ന് വിവാദമായിരുന്നു.
ഹൈക്കോടതി നിയമിച്ച അമിക്കസ് ക്യൂറി അപകടങ്ങൾ തടയാൻ ആറ് നിർദേശങ്ങൾ കോടതിയിൽ സമർപ്പിക്കുകയും ചെയ്തിരുന്നു.
സ്വതന്ത്ര ചുമതലയുള്ള റോഡ് സേഫ്റ്റി കമ്മീഷണറെ നിയമിക്കുക, സേഫ് കേരള എൻഫോഴ്സ്മെന്റ് സ്ക്വാഡിനെ റോഡ് സേഫ്റ്റി കമ്മീഷണറുടെ കീഴിലേക്ക് മാറ്റുക, ആർടിഒ, സബ്ആർടി ഓഫീസിൽ ജോലി ചെയ്യുന്ന എംവിഐ, എഎംവിഐമാർ ഒരു ദിവസം ആറുമണിക്കൂർ എങ്കിലും റോഡിൽ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളിൽ ഏർപ്പെടുക, ട്രാൻസ്പോർട് കമ്മിഷണറുടെ കീഴിൽ ജോലിചെയ്യുന്ന 900 എൻഫോഴ്സ്മെന്റ് ഓഫീസർമാരും 120 എൻഫോഴ്സ്മെന്റ് വാഹനങ്ങളും റോഡ് സേഫ്റ്റി കമ്മീഷണറുടെ കീഴിൽ പ്രവർത്തിക്കുക, സേഫ് കേരള സ്ക്വാഡിനെ റോഡ് സേഫ്റ്റി കമ്മിഷണറുടെ കീഴിൽ നിന്നും ട്രാൻസ്പോർട്ട് കമ്മിഷണറുടെ കീഴിലേക്ക് മാറ്റിയ 2018 ലെ സർക്കാർ ഉത്തരവ് അസാധുവാക്കുക, കേന്ദ്ര മോട്ടോർ വാഹന ഭേദഗതി നിയമം വിഭാവനം ചെയ്യുന്ന തരത്തിൽ ടെസ്റ്റിംഗ് സ്റ്റേഷൻസ് കേരളത്തിൽ ആരംഭിക്കുക തുടങ്ങിയ നിർദേശങ്ങളാണ് കോടതിയിൽ സമർപ്പിച്ചത്.
എന്നാൽ, അമിക്കസ് ക്യൂറി റിപ്പോർട്ടിൽ സർക്കാരിന്റെ നിർദേശം സമർപ്പിക്കാൻ കോടതി നിർദേശിച്ചെങ്കിലും ഒരു വർഷമായിട്ടും സർക്കാർ ഒരു നടപടിയും എടുത്തിട്ടില്ല.
കേന്ദ്രഗതാഗത മന്ത്രാലയത്തിന്റെ 2022 ലെ റോഡ് അപകടങ്ങളുടെ കണക്ക് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2021 ൽ ഏറ്റവും അധികം റോഡ് അപകടങ്ങൾ ഉണ്ടാകുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം അഞ്ചാം സ്ഥാനത്തായിരുന്നു.
എന്നാൽ, 2022 ൽ കേരളത്തിന്റെ സ്ഥാനം മൂന്നാം സ്ഥാനത്താണ്. 2023 സെപ്റ്റംബറിലെ റോഡപകടങ്ങളുടെ കണക്ക് പോലീസ് പുറത്തുവിട്ടിട്ടുണ്ട്.
4090 അപകടങ്ങൾ, 274 മരണങ്ങൾ, 4656 പരിക്ക് എന്നിങ്ങനെയാണ് കണക്ക്. 2022 സെപ്റ്റംബറിൽ 3566 അപകടം, 365 മരണം, 4424 പരിക്ക് എന്നിങ്ങനെയായിരുന്നു.
2022 സെപ്റ്റംബറിനെക്കാളും 2023 സെപ്റ്റംബറിൽ 524 അപകടങ്ങളുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. മരണം മാത്രമാണ് കുറഞ്ഞിരിക്കുന്നത്. 232 കോടി രൂപ മുടക്കി 726 കാമറകൾ വച്ചിട്ടും കേരളത്തിൽ റോഡ് അപകടങ്ങൾ കുറയുന്നില്ല എന്നത് ഇതിൽനിന്ന് വ്യക്തമാണ്.