അങ്കമാലി: മർച്ചന്റ് നേവിയുടെ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ പോയ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. കാറിൽ സഞ്ചരിച്ച മറ്റു രണ്ടു പേർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. പെരിന്തൽമണ്ണ പാലോളി പറമ്പ് ചിരക്കാട്ടിൽ വീട്ടിൽ സെയ്തലവിയുടെ മകൻ മുഹമ്മദ് ഷാഹിദ് (20) ആണ് മരിച്ചത്.
സഹപാഠികളായ പെരിന്തൽമണ്ണ കണ്ണോത്ത് അമൽരാജ് (18), കുളപ്പാട് സവാദ് (19) എന്നിവരെ അങ്കമാലി എൽ എ ഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് എറണാകുളത്ത് നടക്കുന്ന മർച്ചന്റ് നേവിയുടെ ഇന്റർവ്യുവിൽ പങ്കെടുക്കുന്നതിനായി ഇന്നലെ വൈകീട്ട് ഏഴിനാണ് മൂന്നു പേരും പെരിന്തൽമണ്ണയിൽ നിന്നും പുറപ്പെട്ടത്. ദേശീയപാത 47ൽ കറുകുറ്റിയിൽ വച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ രാത്രി 10.30 ഓടെ മീഡിയൻ മറികടന്ന് എതിർദിശയിലൂടെ വരികയായിരുന്ന ലോറിയിലിടിക്കുകയായിരുന്നു.
അപകടത്തിൽ കാർ പൂർണമായും തകർന്നു സംഭവസ്ഥലത്തു വച്ചുതന്നെ ഷാഹിദ് മരിച്ചു. ഖദീജയാണ് അമ്മ സാജി താ, ഷഹ്ന എന്നിവർ സഹോദരിമാരാണ്. അങ്കമാലി പോലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം അങ്കമാലി സർക്കാർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.