കൊച്ചി: നടി അർച്ചന കവിയും പിതാവും സഞ്ചരിച്ചിരുന്ന കാറിലേക്കു കൊച്ചി മെട്രോയുടെ ഗർഡറിൽനിന്നു കോണ്ക്രീറ്റ് പാളികൾ തകർന്നു വീണ് കാറിന്റെ ഗ്ലാസ് തകർന്നു. ഇരുവരും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിന് മുട്ടത്ത് മെട്രോ പില്ലർ നന്പർ 186ന് സമീപമായിരുന്നു സംഭവം.
അമ്മയെ എയർപോർട്ടിൽനിന്നും കൂട്ടികൊണ്ടുവരുന്നതിനുള്ള യാത്രയിലായിരുന്നു തങ്ങളെന്ന് അർച്ചന കവി വ്യക്തമാക്കി. യാത്രയ്ക്കിടെ മുട്ടത്തെത്തിയപ്പോൾ കോണ്ക്രീറ്റ് പാളി കാറിന്റെ മുന്നിലെ ഗ്ലാസ് തകർത്ത് മുൻഭാഗത്തെ ഇടതു സീറ്റിലേക്ക് പതിക്കുകയായിരുന്നു.
പിന്നിലെ സീറ്റുകളിലായിരുന്നതിനാലാണ് തങ്ങൾ വൻ അപകടത്തിൽനിന്ന് രക്ഷപ്പെട്ടതെന്നും നടി വ്യക്തമാക്കി. അപകടത്തിൽ കാർ ഡ്രൈവർ പോലീസിൽ പരാതി നൽകി.