ചിങ്ങവനം: മരണക്കെണിയുമായി കാത്തിരിക്കുകയാണ് എംസി റോഡ്. അപകടത്തിൽപ്പെടുന്ന കാൽനടയാത്രക്കാരുടെ എണ്ണവും വർധിച്ചതോടെ എംസി റോഡ് എന്നു കേൾക്കുന്പോഴേ നാട്ടുകാരുടെ ഉള്ളിൽ ഞെട്ടലാണ്. ഏറ്റവും ഒടുവിലായി ചിങ്ങവനത്തിനും, നാട്ടകത്തിനും ഇടയ്ക്ക് രണ്ടാഴ്ചയ്ക്കിടയിൽ മൂന്നു പേരുടെ ജീവനാണ് കവർന്നത്.
രണ്ട് അപകടങ്ങളിൽ ഇടിച്ച വാഹനങ്ങൾ നിർത്താതെ ഓടിച്ചു പോകുകയായിരുന്നു.
ഈ രണ്ടു അപകടങ്ങളിലും മരണപ്പെട്ടത് കാൽനട യാത്രക്കാരാണ്. ഏറ്റവും ഒടുവിലായി കഴിഞ്ഞ ദിവസം പള്ളം പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചിരുന്നു. പള്ളം വേണാട്ട്് റൂബി ജേക്കബ് ആണ് മരിച്ചത്.
ഇതോടെ കുറിച്ചിക്കും നാട്ടകത്തിനും ഇടയിൽ എം സി റോഡ് വികസനത്തിന് ശേഷം മരണപ്പെട്ടവരുടെ എണ്ണം 11 ആയി. ഇതിൽ കാൽനടയാത്രക്കാരുടെ എണ്ണം അഞ്ചാണ്. കൂടാതെ വാഹനങ്ങൾ നിയന്ത്രണം വിട്ട് റോഡരികിലെ വീട്ടുമുറ്റത്തേക്ക് പതിച്ച് തലനാരിഴയ്ക്ക് മരണത്തിൽ നിന്നു രക്ഷപ്പെട്ടവരുമുണ്ട്.
നാട്ടകത്ത് മറിയപ്പള്ളി വളവിൽ നിയന്ത്രണം വിട്ട സ്കോർപ്പിയോ 30 മീറ്ററോളം പലതവണ തലകീഴായി മറിഞ്ഞാണ് വീടിന്റെ മുറ്റത്ത് പതിച്ചത്. വീട്ടുമുറ്റത്ത് നിന്ന തെങ്ങിൽ ഇടിച്ചു നിന്നതോടെയാണ് പല ജീവനുകളും രക്ഷപ്പെട്ടത്. കുറിച്ചി ഒൗട്ട്പോസ്റ്റിന് സമീപം നിയന്ത്രണം വിട്ട ജിപ്പ് പത്തടിയിലേറെ താഴ്ചയിലുള്ള വീട്ടുമുറ്റത്തേക്ക് ആഴ്ചകൾക്ക് മുൻപാണ് പതിച്ചത്. വീട്ടമ്മ മുറ്റത്ത് തുണി ഉണക്കാൻ വിരിച്ചു മാറി നിമിഷങ്ങൾക്കകമാണ് അപകടം നടന്നത്.
റോഡ് നിർമാണം പൂർത്തിയായെങ്കിലും ഗതാഗത നിയന്ത്രണത്തിനുള്ള യാതൊരു ക്രമീകരണങ്ങളും നടത്തിയിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. അപകടങ്ങൾ ഉണ്ടാകുമായിരുന്ന ഭാഗങ്ങളിലും അപകടങ്ങൾ കുറയ്ക്കുവാനുള്ള മുൻകരുതലുകൾ നടപ്പാക്കാതെ റോഡ് വീതി കൂട്ടുകയായിരുന്നു. അപകട മേഖലകളിൽ പോലും ഡിവൈഡറുകൾ സ്ഥാപിച്ചിട്ടില്ല. കെഎസ്ആർടിസി അടക്കമുള്ള ബസുകൾ നിയന്ത്രണം വിട്ടു പായുന്നതിനിടയിൽ ചെറുവാഹനങ്ങൾ പലപ്പോഴും അപകടത്തിൽ പെടുന്നതും നിത്യസംഭവമാണ്.
പലയിടങ്ങളിലും കാൽനടയാത്രക്കാർക്ക് റോഡ് കുറുകെ കടക്കുന്നതിനുള്ള ക്രമീകരണങ്ങളില്ല. ഉള്ളിടത്ത് നിയന്ത്രണംവിട്ട് പാഞ്ഞു വരുന്ന വാഹനങ്ങൾ കാരണം കടക്കാനുമാവില്ല. കൂടാതെ അപകട മേഖലകളിലെ ഓവർടേക്കിംഗും കാൽനട യാത്രക്കാർക്ക് ഭീഷണി ഉയർത്തുകയാണ്. ഇതിനൊരു പരിഹാരം ആരുണ്ടാക്കും എന്നാണ് നാട്ടുകാർ ചോദിക്കുന്നത്.