വടക്കഞ്ചേരി: പന്തലാംപാടത്തിനടുത്ത് നീലിപ്പാറയിലെ ജാനുവിന്റെയും മക്കളുടെയും സങ്കടങ്ങൾക്കും വേദനകൾക്കും അറുതിയില്ല. ഒരു വേദനതീരുംമുന്പേ മറ്റൊന്നു വരുന്നു. എന്നും ആധിയും ദുഃഖങ്ങളുമുള്ള വീടും സ്ഥലവും ഇപ്പോൾ ബങ്കിന്റെ ജപ്തിഭീഷണിയിലുമാണ്.
മഴപെയ്താൽ ആറുവരി ദേശീയപാതയോരത്തുള്ള ഈ വീട്ടുമുറ്റത്തേക്കാണ് വെള്ളം മുഴുവനായി കുത്തിയൊഴുകി എത്തുന്നത്. വെള്ളംനിന്ന് വീടിന്റെ ചുമർനനഞ്ഞ് കുതിർന്നു. പച്ചകട്ടയിൽ പണിതിട്ടുള്ള വീടിനു എന്തും സംഭവിക്കാമെന്ന സ്ഥിതി.
ജാനു വേലായുധന്റെ വീട് അറിയാത്ത ദേശീയപാതയിലെ സ്ഥിരം വാഹനയാത്രികർ കുറവാകും. പാതയിലൂടെ പാഞ്ഞുപോകുന്ന കാറുകൾ നിയന്ത്രണംവിട്ട് ഇവരുടെ വീടിനുമുന്നിലെ തെങ്ങിൻകയറി നില്ക്കുന്ന രംഗങ്ങൾ ഒരുകാലത്ത് പത്രങ്ങളിലും ചാനലുകളിലുമെല്ലാം വലിയ വാർത്തകളായിരുന്നു. മൂന്നു കാറുകളാണ് ഇത്തരത്തിൽ തെങ്ങിൽ കയറിയത്. ഒരേ തെങ്ങിലായിരുന്നു ഇതെല്ലാം.
പക്ഷെ അപകടങ്ങളിലൊന്നും യാത്രക്കാർക്ക് കാര്യമായ പരിക്കൊന്നുമുണ്ടായില്ലെന്നതും ശ്രദ്ധേയമായിരുന്നു.ഏറെ വർഷത്തെ ഇടവേളയ്ക്കുശേഷം ആഴ്ചകൾക്കുമുന്പ് ഓടുകയറ്റിപോയിരുന്ന ലോറി ഇവരുടെ വീട്ടുമുറ്റക്ക് മറിഞ്ഞു. കാർ കയറി ബലക്ഷയം വന്ന തെങ്ങ് നേരത്തെ മുറിച്ച് മാറ്റിയതിനാൽ ലോറിക്ക് തെങ്ങിൽ കയറാനായില്ല. ലോറി അപകടത്തിലും ഡ്രൈവർ പരിക്കേല്ക്കാതെ രക്ഷപ്പെട്ടു. ട
എല്ലാം ഈശ്വരാനുഗ്രഹമാണെന്നാണ് ജാനുവിന്റെ മകൾ ചന്ദ്രിക പറയുന്നത്. ഇടവേളയ്ക്കുശേഷം വാഹനങ്ങൾ വീണ്ടും വീട്ടുമുറ്റത്തെത്താൻ തുടങ്ങിയതോടെ മുറ്റത്ത് കുട്ടികൾക്ക് കളിക്കുന്നതിനോ വീടിന്റെ ഉമ്മറത്ത് ഇരിക്കുന്നതിനോ ഇവർ ഭയയ്ക്കുകയാണ്. ചെറിയ വളവുവരുന്ന ഇവിടെ ദേശീയപാതയോരത്ത് സംരക്ഷണ ഭിത്തിയോ വേലിയോ ഇല്ലാത്തത് ഡ്രൈവർമാരുടെ ശ്രദ്ധക്കുറവിനു കാരണമാകുന്നതായി ചൂണ്ടിക്കാട്ടുന്നു. മുന്നറിയിപ്പ് ബോർഡുകളും ഇവിടെ സ്ഥാപിച്ചിട്ടില്ല.
റോഡ് ഉയർന്നും ഇവരുടെ വീടു പതിനഞ്ചടിയോളം താഴ്ന്ന സ്ഥലത്തുമാണ്.വീട്ടിലേക്ക് ഇറങ്ങിവരാനുള്ള വഴി കല്ലുപതിച്ച് ശരിയാക്കണമെന്ന ആവശ്യവും ഇവർക്കുണ്ട്. ഇപ്പോൾ മഴപെയ്താൽ മണ്ണും ചെളിയും ഒലിച്ചിറങ്ങുന്നത് ഇവരുടെ വീട്ടുമുറ്റത്തേക്കാണ്. ഈ ദുരിതങ്ങളെല്ലാം ദൈനംദിന വിഷയങ്ങളാണെങ്കിൽ ബാങ്കിന്റെ ജപ്തി നോട്ടീസും കുടുംബത്തിലെ ഓരോരുത്തരായി മരണം വേട്ടയാടുന്നതുമാണ് ദുരിതക്കയങ്ങൾ താണ്ടിക്കഴിയുന്ന കുടുംബത്തിലെ ശേഷിക്കുന്നവരുടെ വേദന. ജാനു-വേലായുധൻ ദന്പതികൾക്ക് 12 മക്കളായിരുന്നു.
ഇപ്പോൾ അഞ്ചുപേരാണുള്ളത്. ഒന്നരമാസംമുന്പാണ് 52 വയസായിരുന്ന ഒരു മകൻ കാൻസർരോഗം പിടിപെട്ട് മരിച്ചു. മറ്റുള്ളവരെല്ലാം നേരത്തെ മരിച്ചു. ഒരു മകൻ കിഡ്നിരോഗവും ഹൃദയസംബന്ധമായ അസുഖംമൂലം അവശതയിലാണ്. കാൻസർ ബാധിതയായി മകന്റെ ഭാര്യയും ചികിത്സയിൽ കഴിയുന്നു.
മറ്റൊരു മകൻ വൈകല്യത്തിന്റെ ബുദ്ധിമുട്ടിലാണ്. മകൾ ചന്ദ്രികയാണ് രോഗബാധിതയായ അമ്മയേയും കുടുംബ കാര്യങ്ങളും നോക്കുന്നത്. അച്്ചൻ വേലായുധൻ നേരത്തെ മരിച്ചു. ആറുവരി ദേശീയപാത നിർമാണത്തിനായി സ്ഥലം ഏറ്റെടുത്തപ്പോൾ ഇവരുടെ സ്ഥലത്തിനു വിലനല്കാൻ വൈകുന്നതും ഈ കുടുംബത്തിന്റെ ദുരിതം ഇരട്ടിപ്പിക്കുകയാണ്.
റീസർവേയിലുണ്ടായ അപാകതമൂലം ഇവരുടെ വീടിനുമുന്നിലെ ഭൂമി എൻ.എച്ചിന്റെ പുറന്പോക്കിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. എന്നാൽ 27 സെന്േറാളം വരുന്ന ഭൂമി ഇവരുടേതാണെന്ന് കാണിക്കുന്ന രേഖകളെല്ലാം തങ്ങളുടെ പക്കലുണ്ടെന്ന് ചന്ദ്രിക പറഞ്ഞു. പരന്പരാഗതമായി കൈവശമുള്ള ഭൂമി റീസർവേയിലെ അപാകതമൂലം പ്രതിസന്ധിയിലായപ്പോൾ ഇവരുടെ പ്രതീക്ഷകൾക്കും മങ്ങലേറ്റു.
ഭൂമി ഏറ്റെടുക്കുന്പോൾ തങ്ങളുടെ ഭൂമിക്കും മതിയായ വില ലഭിക്കുമെന്ന് കരുതിയാണ് വിവാഹാവശ്യത്തിനായി വടക്കഞ്ചേരിയിലെ ബാങ്കിൽനിന്നും വീടും സ്ഥലവും പണയപ്പെടുത്തി രണ്ടുലക്ഷം രൂപ വായ്പയെടുത്തിരുന്നത്. ഇതിനിടെ ഭൂമിയുടെ കൈവശം സംബന്ധിച്ച് പ്രശ്നങ്ങൾ ഉയർന്നതോടെ ബാങ്ക് വായ്പ തിരിച്ചടയ്ക്കാനും ഈ കുടുംബത്തിനു വഴിയില്ലാതായി.
ഇതിനു പിന്നാലെ രോഗങ്ങളും മരണങ്ങളും കുടുംബത്തിന്റെ വേദന പെരുപ്പിക്കുകയാണ്. ഭൂമി കാര്യങ്ങൾക്കായി നിരവധി തവണ മകൾ ചന്ദ്രിക കളക്ടറേറ്റ് ഉൾപ്പെടെയുള്ള ഓഫീസുകൾ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. ഹൈക്കോടതിയിൽ പോയാൽ തങ്ങൾക്കു നീതികിട്ടുമെന്ന് പറയുന്പോൾ ചികിത്സയ്ക്കും ഭക്ഷണത്തിനും വഴിയില്ലാതെ നട്ടംതിരിയുന്ന കുടുംബത്തിനു അതൊന്നും ചിന്തിക്കാനാകുന്നില്ല.