കായംകുളം: ദേശീയപാതയിലെ ഗതാഗത തിരക്കേറിയ കായംകുളം കെഎസ്ആർടിസി ജംഗ്ഷനിൽ വാഹനാപകടങ്ങൾ വർധിച്ചതിനെ തുടർന്ന് ട്രാഫിക് സിഗ്നൽ സംവിധാനം ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു. എറണാകുളം ഭാഗത്തേക്കും തിരുവനന്തപുരം ഭാഗത്തേക്കും വാഹനങ്ങൾ വേഗതയിൽ കടന്നുപോകുന്പോൾ ദേശീയപാതയുടെ മധ്യഭാഗത്ത് സ്ഥാപിച്ചിട്ടുള്ള ഡിവൈഡർ വളഞ്ഞാണ് കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേക്കും പട്ടണത്തിലേക്കും വാഹനങ്ങൾ ഒരേപോലെ കടന്നുപോകുന്നത്.
സിഗ്നൽ സംവിധാനം ഇല്ലാത്തതിനാൽ ദൂരെനിന്നും കടന്നുവരുന്ന വാഹനങ്ങൾ റോഡുകൾ തിരിച്ചറിയാതെ ദിശമാറി സഞ്ചരിക്കുന്നത് അപകടത്തിനിടയാക്കുകയാണ്. കെഎസ്ആർടിസി ജംഗ്ഷനിൽ ഇതിനോടകം നിരവധി അപകടങ്ങൾ ഉണ്ടാകുകയും നിരവധിപേരുടെ ജീവൻ പൊലിയുകയും ചെയ്തിട്ടുണ്ട്. കൂടാതെ നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ ദിവസവും ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് യാത്രക്കാർക്ക് പരിക്കേറ്റിരുന്നു.
ഡിവൈഡറിൽ മുന്പ് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിരുന്നെങ്കിലും നിരന്തരമുണ്ടാകുന്ന അപകടത്തെ തുടർന്ന് ഇത് തകർന്നു. അതിനാൽ തിരക്കേറിയ ഇവിടെ സിഗ്നൽ സംവിധാനം ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാത്തത് മൂലം തെക്കു നിന്നും വരുന്ന വാഹനങ്ങൾക്ക് പട്ടണത്തിലേക്ക് പ്രവേശിക്കുന്നതിന് ഏത് റോഡാണ് ഉപയോഗിക്കേണ്ടത് എന്നത് പെട്ടന്ന് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയാണ്.
പട്ടണത്തിൽ നിന്നുള്ള വാഹനങ്ങൾ ദേശീയപാതയിലൂടെ തെക്ക് ഭാഗത്തേക്കും വടക്ക് ഭാഗത്തേക്കും കടക്കാനും ഏത് റോഡ് ഉപയോഗിക്കണം എന്നതും വ്യക്തമായി രേഖപ്പെടുത്തിയിട്ടില്ല. അതിനാൽ ദേശീയ പാതയിലേക്ക് വാഹനങ്ങൾ കടക്കാൻ ശ്രമിക്കുന്പോൾ സിഗ്നൽ സംവിധാനം ഇല്ലാത്തതുമൂലം വേഗതയിൽ പാഞ്ഞെത്തുന്ന വാഹനങ്ങൾ ദേശീയപാതയിലേക്ക് കടക്കാൻ ശ്രമിക്കുന്ന വാഹനങ്ങളുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടാകുന്നത്്.അപകടം നിയന്ത്രിക്കാൻ എത്രയു വേഗം കെഎസ്ആർടിസി ജംഗ്ഷനിൽ മുന്നറിയിപ്പ് ബോർഡുകളും ട്രാഫിക് സിഗ്നൽ സംവിധാനവും ഏർപ്പെടുത്തണമെന്നാണ് ആവശ്യം