കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി – എരുമേലി റൂട്ടിൽ സ്ഥിരം വാഹനാപകടം ഉണ്ടാകുന്ന കൂവപ്പള്ളിക്കു സമീപം പറപ്പള്ളി, തേനംമാക്കൽ വളവുകൾ നിവർത്തുവാൻ സംരക്ഷണഭിത്തി കെട്ടുന്നതിനും ക്രാഷ്ബാരിയർ സ്ഥാപിക്കുന്നതിനും മറ്റുമായി 48,21,000 രൂപയുടെ എസ്റ്റിമേറ്റ് ചീഫ് എൻജിനീയറുടെ ഭരണാനുമതിക്കായി അയച്ചിരിക്കുന്നതായി പൊതുമരാമത്ത് വകുപ്പിനുവേണ്ടി എരുമേലി പൊതുമരാമത്ത് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ വി.ജി. പ്രേംലാൽ കാഞ്ഞിരപ്പള്ളി താലൂക്ക് ലീഗൽ സർവീസ് കോടതിയെ അറിയിച്ചു.
പ്രസ്തുത പ്രദേശത്ത് സ്ഥിരമായി വാഹനാപകടം ഉണ്ടാകാറുണ്ടെന്നും അടിയന്തിരമായി വേണ്ട സത്വരനടപടി സ്വീകരിക്കേണ്ടത് പൊതുമരാമത്ത് വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അസിസ്റ്റന്റ്് എൻജിനീയർ കോടതിയെ അറിയിച്ചു.ചീഫ് എൻജിനീയറുടെ ഓഫീസിൽനിന്നും അനുമതി ലഭിച്ചാലുടൻ പണിപൂർത്തീകരിക്കുന്നതാണെന്നും അസിസ്റ്റന്റ്എൻജിനീയർ അറിയിച്ചു.
ഇതു സംബന്ധിച്ച് പിയുസിഎൽ ജില്ല പ്രസിഡന്റ് എം.എ. ഷാജി, ജില്ലാ ജനറൽ സെക്രട്ടറി എച്ച്. അബ്ദുൽ അസീസ് എം.കെ. അനന്തൻ എന്നിവരാണ് ലീഗൽ സർവീസ് കോടതിയിൽ പൊതുതാൽപര്യഹർജി നൽകിയത്. എന്നാൽ, ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഈ പണികൾ എത്ര കാലാവധിക്കുള്ളിൽ തീർക്കുമെന്ന് കോടതിയെ രേഖാമൂലം അറിയിക്കവാൻ ലീഗൽ സർവീസ് കമ്മിറ്റി ചെയർമാനും ഒന്നാം ക്ലാസ് മജിസ്ട്രേറ്റുമായ റോഷൻ തോമസ്, അദാലത്ത് മെംബർ ബിജു കണ്ണന്താനം എന്നിവർ ഉത്തരവിട്ടു. കേസ് 29ന് അവധിക്കുവെച്ചു.