വടക്കഞ്ചേരി: വടക്കഞ്ചേരി-പാലക്കാട് ദേശീയപാത മംഗലംപാലത്ത് താത്കാലിക കടകൾക്കിടയിലൂടെ സംസ്ഥാനപാതയിൽനിന്നും ദേശീയപാതയിലേക്ക് വാഹനങ്ങൾ കയറുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകും.
നാലുവരിപ്പാതയായ പാലക്കാട് ഭാഗത്തുനിന്നും സ്പീഡ് ട്രാക്കിലൂടെ വാഹനങ്ങൾ അമിതവേഗതയിൽ പോകുന്നതിനിടയ്ക്ക് സൂചനാബോർഡുകളോ മുന്നറിയിപ്പു സംവിധാനങ്ങളോ ഇല്ലാത്ത ഇടവഴികളിൽനിന്നും പെട്ടെന്ന് വാഹനം കയറുന്നത് ദേശീയപാതയിലൂടെ പോകുന്ന വാഹനങ്ങളുടെ നിയന്ത്രണം തെറ്റുന്നതിനും കൂട്ടിയിടിക്കും വഴിവയ്ക്കുമെന്നാണ് ചൂണ്ടിക്കാട്ടന്നത്.
ദേശീയപാതയിൽനിന്നും സംസ്ഥാനപാതയിലേക്ക് ഇടവഴികളിലൂടെ വാഹനങ്ങൾ പ്രവേശിക്കുന്നതും ഇതുപോലെ അപകടമുണ്ടാക്കും. ഇത്തരം അനധികൃത പ്രവേശനവഴികൾ അടച്ച് വാഹന സുരക്ഷ ഉറപ്പാക്കണമെന്നാണ് ആവശ്യം.
സംസ്ഥാനപാതയിലേക്കോ ദേശീയപാതയിലേക്കോ പ്രവേശിക്കുന്ന വാഹനങ്ങൾ സിഗ്നൽ ജംഗ്്ഷനുള്ള യത്തീംഖാനയ്ക്ക് മുന്നിലുള്ള ബൈപാസിലൂടെ തന്നെ പോകണമെന്ന വ്യവസ്ഥ നിർബന്ധമാക്കണം. യത്തീംഖാനയ്ക്കു മുന്നിലെ ബൈപാസിൽ ഇതിനുള്ള സൂചനാബോർഡുകളും സ്ഥാപിക്കണമെന്നാണ് ആവശ്യം. ഇവിടെ അത്തരം ബോർഡുകളില്ലാത്തതിനാൽ തോന്നുംമട്ടിലാണ് വാഹനങ്ങൾ തലങ്ങുംവിലങ്ങും രണ്ടു റോഡിലേക്കും കടന്നു അപകടങ്ങളുണ്ടാക്കുന്നത്.