കറുകച്ചാൽ: അപകട പരന്പര അരങ്ങേറിയിട്ടും നെത്തല്ലൂർ കവലയിൽ വേഗ നിയന്ത്രണ സംവിധാനങ്ങൾ സ്ഥാപിക്കാൻ നടപടിയായില്ല.കോട്ടയം-കോഴഞ്ചേരി റോഡും, ചങ്ങനാശേരി-വാഴൂർ റോഡും തമ്മിൽ സന്ധിക്കുന്ന പ്രധാന കവലയാണ് നെത്തല്ലൂർ. ഇവിടെയുണ്ടായ അപകടങ്ങളിൽ എത്ര ജീവനുകളാണ് നഷ്ടപ്പെട്ടത്. ഏറ്റവും ഒടുവിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചത് ഒരു മാസം മുൻപാണ്.
കോട്ടയം ഭാഗത്തു നിന്നും വാഴൂർ ഭാഗത്തു നിന്നും എത്തുന്ന വാഹനങ്ങൾ നെത്തല്ലൂരിൽ അപകടത്തിൽപ്പെടുന്നത് പലപ്പോഴും പതിവാണ്. തലനാരിഴയ്ക്കാണ് പലരും അപകടങ്ങളിൽ നിന്നും രക്ഷപ്പെടുന്നത്. ഇരു ഭാഗങ്ങളിൽ നിന്നും വാഹനങ്ങൾ എത്തിയാൽ കാണാൻ കഴിയാത്തതാണ് പ്രശ്നം.
കോട്ടയം ഭാഗത്തു നിന്നും അമിത വേഗത്തിലാണ് വാഹനങ്ങൾ വാഴൂർ റോഡിലേക്ക് പ്രവേശിക്കുന്നത്. പലപ്പോഴും എതിർ ഭാഗത്തു നിന്നും എത്തുന്ന വാഹനങ്ങളുമായി കൂട്ടിയിടിക്കുന്നതും പതിവാണ്. അന്യ സ്ഥലങ്ങളിൽ നിന്നും എത്തുന്നവരാണ് പലപ്പോഴും അപകടത്തിൽപ്പെടുന്നത്. റോഡ് കാണാൻ കഴിയാത്തതും അപകട സാധ്യത തിരിച്ചറിയാൻ കഴിയാത്തതുമാണ് അപകടത്തിലേക്ക് നയിക്കുന്നത്.
കൂടാതെ വേഗനിയന്ത്രണ സംവിധാനങ്ങൾ ഇല്ലാത്തതും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. ബസ് അടക്കമുള്ള വലിയ വാഹനങ്ങൾ പെട്ടന്ന് വാഴൂർ റോഡിലേക്ക് പ്രവേശിക്കുന്പോൾ വാഴൂർ ഭാഗത്തു നിന്നും എത്തുന്ന വാഹനങ്ങൾ പെട്ടന്ന് നിർത്തുകയും പിന്നാലെ എത്തുന്ന വാഹനങ്ങൾ കൂട്ടിയിടിക്കുന്നതും പതിവാണ്.
ഏതാനും നാളുകൾക്ക് മുന്പു കോട്ടയത്ത് നിന്നും എത്തിയ കാർ നെത്തല്ലൂർ കവലയിൽ വച്ച് നാല് വാഹനങ്ങളുമായി കൂട്ടിയിടിച്ചിരുന്നു. ചങ്ങനാശേരി-വാഴൂർ റോഡിൽ ഏറ്റവും നിരപ്പാർന്നതും അപകട സാധ്യത ഏറിയതുമായ പ്രദേശമാണ് കറുകച്ചാൽ ടൗണ് മുതൽ നെത്തല്ലൂർ വരെയുള്ള ഭാഗം. ഇവിടെയും വേഗനിയന്ത്രണത്തിന് സംവിധാനമില്ല. നെത്തല്ലൂർ കവലയിൽ സിഗ്നൽ ലൈറ്റുകളും ഹംബുകളും സ്ഥാപിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.