ഒല്ലൂർ: മനുഷ്യരക്തം വീണ് ചുവന്നുപോയ ഒല്ലൂർ റോഡ് തൃശൂരിന്റെ ചങ്കിടിപ്പായി മാറിയിരിക്കുന്നു. ഒല്ലൂർ വഴിയുള്ള യാത്ര വേണ്ടെന്നു വയ്ക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. തുടർച്ചയായ അപകടങ്ങളും മരണങ്ങളും ഒല്ലൂരിനെ തൃശൂരിലെ രക്തപാതയാക്കി മാറ്റിയിരിക്കുന്നു. ഇനിയും രക്തം വീഴാതിരിക്കാൻ, കണ്ണീർച്ചാലുകൾ ഒഴുകാതിരിക്കാൻ അധികൃതർ നടപടികൾ കൈക്കൊള്ളാൻ വൈകിക്കൂടാ.
കനത്ത മഴയെ പഴിചാരി പണികൾ നീട്ടുന്പോൾ ഒരു കാര്യം മറക്കരുത്…പറഞ്ഞ സമയത്തു പണികൾ തീർത്തിരുന്നുവെങ്കിൽ ഇത്രയും നീണ്ടുപോകില്ലായിരുന്നു…ഒരു ജീവനെങ്കിലും രക്ഷപ്പെടുത്താമായിരുന്നു…കുടിവെള്ള പൈപ്പിടുന്നതിനായി വെട്ടിപ്പൊളിച്ച റോഡും കീറിയ ചാലുമെല്ലാം കുറേക്കാലമായി ഒല്ലൂരിനെ അപകടമേഖലയാക്കി മാറ്റിയിരിക്കുകയാണ്.
അടുത്ത മൂന്നുമാസം വരെ ഇതുതന്നെയായിരിക്കും സ്ഥിതിയെന്നാണ് സൂചനകൾ. പെട്ടന്നൊന്നും നന്നാക്കിയെടുക്കാൻ കഴിയില്ലെന്ന് ബന്ധപ്പെട്ടവർതന്നെ സൂചനകൾ തരുന്നുണ്ട്. കുഴികൾ നികത്തിയെടുക്കാൻ സമയമെടുക്കും. പണികൾ നടക്കുന്പോൾ ഇതുവഴി ഗതാഗത നിയന്ത്രണവുമുണ്ടാകും.
കുഴിനികത്തൽ നാലുഘട്ടങ്ങളിലായാണ് നടത്തുക. ഒരു ദിവസം നൂറു മീറ്റർ കുഴി മാത്രമേ നികത്താനാകൂ. കുഴി നികത്തിക്കഴിഞ്ഞാൽ രണ്ടു തവണയായി ടാറിംഗ് നടത്താനാണ് പദ്ധതി. മഴ ശമിച്ചാൽ മാത്രമേ ഈ പറഞ്ഞപ്രകാരം പണികൾ നടക്കുകയുള്ളു. എന്നാൽ മഴ കനത്തുപെയ്യുന്നത് പണികൾ വൈകാൻ കാരണമാകുന്നുണ്ട്. കർക്കിടകമഴ കൂടിയെത്തുന്നതോടെ പണികൾ ഇനിയും വൈകാനാണ് സാധ്യത. മഴമൂലം റോഡാകെ ചെളിമയമായി കിടക്കുകയാണ്. പണി വൈകുംതോറും കുഴികളുടെ എണ്ണം കൂടിയിട്ടുണ്ട്.
ഒല്ലൂർ വ്യവസായ എസ്റ്റേറ്റ് മുതൽ ക്രിസ്റ്റഫർ നഗർ വരെയുള്ള റോഡിൽ കുഴികൾ എത്രയുണ്ടെന്നു ചോദിച്ചാൽ പറയാൻ പറ്റാത്ത സ്ഥിതിയാണ്. മൂന്നുമാസം മുൻപ് കേടുവന്ന ഈ ഭാഗത്തെ റോഡ് നന്നാക്കാൻ ഇതുവരെയും കഴിയാത്തതിൽ വ്യാപക പ്രതിഷേധമാണ് ഉയർന്നിട്ടുള്ളത്. അഞ്ചേരി, പടവരാട്, എടക്കുന്നി മേഖലയിൽ ശുദ്ധജലമെത്തിക്കാൻ വേണ്ടിയാണ് പൈപ്പിടാനായി റോഡ് വെട്ടിപ്പൊളിച്ചത്.
40 ദിവസം കൊണ്ട് പൂർത്തിയാകുമെന്ന് പറഞ്ഞ നിർമാണം സമയത്തിനു കഴിഞ്ഞില്ല. 30 ദിവസം അധികമെടുത്ത് 70 ദിവസത്തിന് ശേഷമാണ് ഇതു പൂർത്തിയായത്. മഴ കനത്തതോടെ റോഡിന്റെ സ്ഥിതി പരമദയനീയമായി. ജില്ല ഭരണകൂടം ഇടപെട്ടെങ്കിലും മഴ തടസമായി നിന്നു.
റോഡ് വെട്ടിപ്പൊളിച്ചശേഷം ഇരുപതോളം അപകടങ്ങളാണ് ഈ പ്രദേശത്തുണ്ടായത്. നിരവധി പേർക്കു പരിക്കേൽക്കുകയും ചെയ്തു. കന്പനിപ്പടിയിൽ ബസ് കുഴിയിൽ താഴ്ന്ന സംഭവവുമുണ്ടായി. റോഡ് സഞ്ചാരയോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഒല്ലൂരിൽ സമരപരന്പര അരങ്ങേറിയിരുന്നു. അതിനിടെയാണ് ഇന്നലെ വീണ്ടും അപകടമുണ്ടായത്.
പൈപ്പിടുന്നതിനുവേണ്ടി മേയ് ആദ്യം റോഡ് വെട്ടിപ്പൊളിച്ചപ്പോൾത്തന്നെ ടാറിംഗിനുവേണ്ട തുക അടച്ചിരുന്നു. ടെൻഡർ നടപടികൾ വീണ്ടും വൈകിയതോടെ സ്ഥിതി ഗുരുതരമായി. ടാറിംഗ് നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ നടത്തുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും മഴ മാറിയിട്ടും കാര്യമായ നിർമാണ പ്രവർത്തനങ്ങൾ നടന്നില്ല.
കളക്ടറുടെ ചേംബറിൽ പ്രത്യേക യോഗം ചേർന്നെങ്കിലും കുറച്ച് മെറ്റൽ ഇറക്കുകമാത്രമാണുണ്ടായത്. യാത്രാക്ലേശം പരിഹരിക്കുന്നതിനും അപകടങ്ങൾ ഒഴിവാക്കുന്നതിനും അധികൃതർ കാര്യക്ഷമമായ ഇടപെടൽ നടത്തിയില്ലെന്നും വ്യാപക പരാതിയുണ്ട്.