പത്തനാപുരം :തലവൂരിന്റെ ഹൃദയ ഭാഗമായ രണ്ടാലുംമൂട് ജംഗ്ഷനില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു .പ്രധാന നാല് പാതകള്‍ സംഗമിക്കുന്ന ഇവിടെ സൂചനാ ബോര്‍ഡുകളോ സിഗ്നല്‍ സംവിധാനമോ ഇല്ലാത്തതാണ് പതിവായുളള അപകടങ്ങള്‍ക്ക് കാരണം.കൊട്ടാരക്കര – പത്തനാപുരം മിനി ഹൈവേയായി ഈ പാതയെ ഉയര്‍ത്തിയതോടെ മിക്ക വാഹനങ്ങളും കടന്നു പോകുന്നത് ഇതുവഴിയാണ്.
ടിപ്പറുകളടക്കമുളളവയുടെ അമിത വേഗതയും അപകടങ്ങള്‍ വിളിച്ചു വരുത്തുന്നു.കഴിഞ്ഞ മൂന്ന് മാസത്തിനിടെ ചെറുതും വലുതുമായ പതിനഞ്ചോളം അപകടങ്ങളാണ് നടന്നിട്ടുളളത് .സര്‍ക്കാര്‍ സ്ഥാപനങ്ങളടക്കം പ്രവര്‍ത്തിക്കുന്ന പ്രധാന ജംഗ്ഷനായ ഇവിടെ സിഗ്നല്‍ സംവിധാനം ഒരുക്കണമെന്നാണ് പ്രധാന ആവശ്യം.
പിടവൂര്‍ മുതല്‍ വടകോട് വരെയാണ് മിനിഹൈവ്വേയുടെ ഒന്നാംഘട്ട നിര്‍മ്മാണം നടത്തിയിട്ടുളളത് .നിര്‍മ്മാണം നടത്തിയ ഒന്‍പത് കിലേമീറ്റര്‍ ദൂരത്ത് ഒരു ഹമ്പ് പോലും പൊതുമരാമത്ത് സ്ഥാപിച്ചിട്ടുമില്ല.പാതയ്ക്ക് സമീപത്തായി നാല് ഗവ.സ്കൂളുകളും പ്രവര്‍ത്തിക്കുന്നുണ്ട്.
വാഹനങ്ങളുടെ അമിതവേഗത മൂലം ഭയപ്പാടോടെയാണ് വിദ്യാര്‍ത്ഥികളും കാല്‍നട യാത്രകരും പോകുന്നത്. രണ്ടാലുംമൂട് ജംഗ്ഷനില്‍ സിഗ്നല്‍ സംവിധാനവും സ്കൂളുകള്‍ക്ക് സമീപം ഹമ്പുകളും സൂചനാ ബോര്‍ഡുകളും സ്ഥാപിച്ച് പതിവായുളള അപകടങ്ങള്‍ക്ക് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.