കോഴഞ്ചേരി : തിരുവല്ല – കുന്പഴ സംസ്ഥാന പാതയിലെ പുല്ലാട് ജംഗ്ഷൻ മുതൽ ചാലായിക്കര വരെയുള്ള ഭാഗത്ത് അപകടങ്ങളും തുടർന്നുണ്ടാകുന്ന മരണങ്ങളും തുടർക്കഥയാകുന്നു. പ്രതിമാസം ഒരപകടമെങ്കിലും സ്ഥിരം സംഭവമായി മാറിയിരിക്കുന്നു. ഏറ്റവും അവസാനത്തെ അപകടം കഴിഞ്ഞ തിങ്കളാഴ്ച രാത്രി 7.40 ന് ജീപ്പും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടമായിരിക്കുന്നു.
ഒരാൾ മരിക്കുകയും മറ്റൊരാൾ അതീവ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുമാണ്. അപകടങ്ങൾ തുടർക്കഥയായി തുടരുന്പോഴും എന്തെങ്കിലും പരിഹാരം കണ്ടെത്താൻ അധികൃതർക്ക് കഴിയുന്നില്ല.
നിരീക്ഷണ കാമറകളും ബ്രേക്കറുകളും സിഗ്നൽ ലൈറ്റും സ്ഥാപിച്ചാൽ ഒരു പരിധിവരെയെങ്കിലും അപകടങ്ങൾ കുറയ്ക്കാൻ കഴിയുമെന്നും അതിനോടൊപ്പം ശാസ്ത്രീയമായ മറ്റ് മാർഗങ്ങളും സ്വീകരണമെന്ന് നാട്ടുകാരും ഈ രംഗത്തെ വിദഗ്ധരും ആവശ്യപ്പെട്ടിട്ടും ഒരു നടപടി പോലും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. ആധുനിക രീതിയിൽ റോഡ് നവീകരിച്ചതോടുകൂടി അമിത വേഗതയിലാണ് വാഹനങ്ങൾ പായുന്നത്.
പുല്ലാട് മുതൽ ചാലായിക്കര വരെയുള്ള ഭാഗത്ത് വളവുകളും മറ്റും ഇല്ലാതെ റോഡ് നേരെ കിടക്കുന്നതിനാൽ അപകടങ്ങളുണ്ടാകാനുള്ള സാധ്യത ഏറെയാണ്. റോഡിന്റെ ഇരുഭാഗത്തും കച്ചവടങ്ങൾ നടക്കുന്നതിനാൽ സാധനങ്ങൾ വാങ്ങുന്നതിന് ഇരുചക്രവാഹനങ്ങളും മറ്റും അലക്ഷ്യമായി പാർക്കു ചെയ്യുന്നതും അപകടങ്ങൾക്ക് മറ്റൊരു കാരണമാകുന്നു.
റോഡിന്റെ ഇരുവശത്തുമുള്ള ഗ്രാമീണ പാതകളിൽ നിന്നും വാഹനങ്ങൾ പ്രവേശിക്കുന്പോഴും അപകടങ്ങൾ ഉണ്ടാകുന്നു. ഇതിനെല്ലാം ശാസ്ത്രീയമായ പരിഹാരങ്ങളാണ് കണ്ടെത്തേണ്ടത്.റോഡ് സുരക്ഷാ സമിതിയാണ് പ്രത്യേക താല്പര്യമെടുക്കേണ്ടതെന്നാണ് സർക്കാരുമായി ബന്ധപ്പെട്ട ഘടകങ്ങൾ പറയുന്നത്.