തുറവൂർ: തിരക്കേറിയ വയലാർ കവലയിൽ സിഗ്നൽ ലൈറ്റ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. സുരക്ഷാ പാതയായി പ്രഖ്യാപിച്ചിട്ടുള്ള മണ്ണുത്തി മുതൽ ചേർത്തല ഒറ്റപ്പുന്ന വരെയുള്ള ദേശീയ പാത 66 നാലുവരിപാതയിലെ പ്രധാനപ്പെട്ട ജംഗ്ഷനാണിത്.
വൈറ്റില കഴിഞ്ഞ് തെക്കോട്ട് വന്നാൽ തുറവൂർ കവലയ്ക്കു് ശേഷമുള്ള നാലും കുടിയ പ്രധാന കവലകൂടിയാണ് വയലാർ കവല. കവലയിൽ നിന്നും കിഴക്കോട്ട് കളവംങ്കോടം ശക്തീശ്വര ക്ഷേത്രം, വയലാർ രക്തസാക്ഷി മണ്ഡപം, വയലാർ രാമവർമ്മ സ്മൃതി മണ്ഡപം തുടങ്ങിയ സ്ഥലങ്ങളിലുടെ ചേർത്തലയിൽ എത്തിച്ചേരുന്ന വളരെ തിരക്കേറിയ റോഡാണ്.
50 ഓളം സ്വകാര്യ ബസുകൾ ഇതുവഴി സർവീസ് നടത്തുന്നു. ഇതുകൂടാതെ സ്കൂൾ ബസുകൾ മറ്റു ധാരാളം സ്വകാര്യ വാഹനങ്ങൾ വേറേയും. ഈ വാഹനങ്ങൾ എല്ലാം എത്തിച്ചേരുന്നതു ദേശീയ പാതയിൽ വയലാർ കവലയിലാണ്.
പടിഞ്ഞാറോട്ട് പോകുന്ന കുന്നുംപുറം പള്ളിറോഡും തിരക്കേറിയതാണ്. ഇതു വഴി വെട്ടയ്ക്കൽ, മേനാശേരി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും നിരവധി വാഹനങ്ങളാണ് വയലാർ കവലയിൽ എത്തിച്ചേരുന്നത്. കൂടാതെ ഇവിടെയുള്ള സ്വകാര്യ സ്കൂളിലും സർക്കാർ സ്കൂളിലും ആയിരക്കണക്കിന് വിദ്യാർഥികളാണ് എത്തിച്ചേരുന്ന്.
സ്കൂളിൽ പോകാൻ സൈക്കിളിൽ എത്തുന്ന വിദ്യാർഥികളുടെ എണ്ണവും വളരെയധികമാണ്. കൂടാതെ കവലയ്ക്ക് സമീപത്തായി ക്ഷേത്രം, ബാങ്ക്, സ്വകാര്യ ഫാർമസി കോളജ്, ഇലക്ട്രിസിറ്റി ഓഫീസ്, വില്ലേജ് ഓഫീസ് തുടങ്ങിയവയും സ്ഥിതി ചെയ്യുന്നുണ്ട്.
തിരക്കേറിയ ഇവിടെ വാഹനങ്ങൾ നിയന്ത്രിച്ച് വിടാൻ സംവിധാനമില്ലാത്തതിനാൽ നിരവധി വാഹനാപകടങ്ങളും മരണങ്ങളും ഉണ്ടായിട്ടുണ്ട്. ഇടറോഡിൽ നിന്നും പെട്ടെന്നു മറ്റു വാഹനങ്ങൾ കടന്ന് വരുന്പോൾ ദേശീയ പാതയിലെ അതിവേഗത്തിൽ വരുന്ന വാഹനങ്ങൾ വെട്ടിച്ചും ബ്രേക്ക് ചെയ്തും നിയന്ത്രണം വിട്ട് അപകടം ഉണ്ടാകുന്നത് നിത്യസംഭവമാണ്.
ഒരോ അപകടം നടക്കുന്പോഴും ഇവിടെ സിഗ്നൽ സംവിധാനം വേണമെന്ന ആവശ്യം ഉയരുന്നു. എന്നാൽ അധികൃതർ കേട്ട ഭാവമില്ല.