വണ്ടിത്താവളം: പട്ടഞ്ചേരി- മൂപ്പൻകുളം റോഡ് കുമാരിമേട്ടിൽ വാഹനാപകടങ്ങൾ തുടർന്നുവരുന്നതിനാൽ ബന്ധപ്പെട്ട പൊതുമരാമത്ത് അധികൃതർ പരിഹാര നടപടികൾ സ്വീകരിക്കാത്തതിൽ യാത്രക്കാരുടെ പ്രതിഷേധം വർധിപ്പിച്ചിരിക്കുന്നു. കഴിഞ്ഞദിവസം രാത്രി കുമാരിമേട് കുത്തനെയുള്ള ഇറക്കത്തിൽ കാർ റോഡിൽ മറിഞ്ഞ് ഡ്രൈവർക്ക് സാരമായി പരിക്കേറ്റിരുന്നു. സമീപവാസികളാണ് പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചത്.
കാറിന്റെ മുൻഭാഗം ചില്ലും ബോണറ്റും അപകടത്തിൽ തകർന്നു. എതിരെ വന്ന വാഹനവുമായി കൂട്ടിയിടിച്ചാവും അപകടം നടന്നിട്ടുണ്ടായതെന്നാണ് നിഗമനം. എന്നാൽ സമീപവാസികൾ എത്തുന്പോഴേക്കും അപകടത്തിൽപ്പെട്ട കാർ മാത്രമാണുണ്ടായിരുന്നത്. ശാന്തി തിയേറ്റർ ജംഗ്ഷനിൽ നിന്നും കുത്തനെ മലന്പ്രദേശംപോലെയുള്ള ഭാഗത്ത് എസ് ആകൃതിയിലുള്ള കയറ്റത്തിലൂടെയാണ് മൂപ്പൻകുളം എത്തുന്നത്.
റോഡിനിരുവശത്തും വളർന്നു പന്തലിച്ച് നിൽക്കുന്ന പാഴ്ചെടികളുടെ മറവുകാരണം എതിർവശത്തുനിന്നും വരുന്ന വാഹനങ്ങൾ ദൂരെനിന്നും കാണാനാവാതെ വാഹനങ്ങൾ നേർക്കുനേർ കൂട്ടിയിടിച്ച് ഇരുപതിലധികം അപകടങ്ങൾ നടന്നിട്ടുണ്ട്.ഈ സ്ഥലത്ത് രണ്ടു സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് നാൽപ്പതോളം യാത്രക്കാർക്ക് പരിക്കേറ്റിരുന്നു ഇരുബസുകളുടെ മുൻഭാഗം തകരുകയും ചെയ്തു.
നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് ഒരു യാത്രക്കാരനും മരണപ്പെട്ടിരുന്നു. ഒരു സ്വകാര്യ ബസും ഒരു ടാങ്കർലോറിയും എതിരെ വന്ന വാഹനത്തിന് വഴിമാറി കൊടുക്കുന്നതിനിടെ ആറടി താഴ്ചയിലുള്ള വയലിലേക്ക് മറിഞ്ഞ അപകടവും നടന്നിരുന്നു. അടിയന്തിരമായി റോഡിനിരുവശത്തെ ചെടിതൂപ്പുകളും മുറിച്ചുമാറ്റി വീതികൂട്ടി യാത്രാസൗകര്യം ഏർപ്പെടുത്തണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.