വണ്ടിത്താവളം: പള്ളിമൊക്ക് -പട്ടഞ്ചേരി വളവുറോഡിൽ വാഹന അപകടങ്ങളും മരണവും തുടർകഥയാവുന്നു. പരിഹാര നടപടികൾ സ്വീകരിക്കാൻ ബാധ്യസ്ഥരായ പൊതുമരാമത്തും പോലീസും എല്ലാം സ്വാഭാവികമെന്ന മട്ടിൽ ഒഴിഞ്ഞു മാറുന്നതായും ആക്ഷേപം വ്യാപകമായി.
പരാതികൾ പെരുകുന്പോഴും അധികൃതർ ഇപ്പോഴും നിസംഗതയിൽ തന്നെ. ഇക്കഴിഞ്ഞ ശനിയാഴ്ച്ച രാവിലെയാണ് വണ്ടിത്താവളം പള്ളിമൊക്കിൽ ചുമട്ടുതൊഴിലാളിയായ നാരായണൻ റോഡരുകിൽ നിൽക്കുന്നവരുടെ കണ്മുന്പിൽ വച്ച് ഇരുചക്രവാഹനം ചരക്കു ലോറിക്കിടയിൽപ്പെട്ട് മരണത്തിനു കീഴടങ്ങിയത്.
ഈ സ്ഥലത്തു മുൻപും സമാനമായ രീതിയിൽ യുവാക്കൾ മരണപ്പെട്ടിരുന്നു. കുറ്റിപ്പാടത്തു നിന്നും കഞ്ചിക്കോട്ടിലേക്ക് ബൈക്കി ൽ വരുന്നതിനിടെ പള്ളി മൊക്കിൽ വെച്ച് വണ്ടിത്താവളം ഭാഗത്തു നിന്ന ചരക്കു ലോറിക്കടിയിൽപ്പെട്ട് ജീവൻ പൊലിഞ്ഞ അപകടങ്ങൾ നിരവധിയാണ്. ഇതു കൂടാതെ ബസ്സു തലകീഴായി മറിഞ്ഞും ഇരുചക്രവാഹനങ്ങൾ നേർക്കുനേർ കൂട്ടിയിടിച്ചും നാൽപ്പതിൽ കൂടുതൽ അപകടങ്ങൾ നടന്നു കഴിഞ്ഞു.
അപകടം നടക്കുന്പോൾ സംഭവസ്ഥലത്തെത്തി വിവരം ശേഖരിച്ചു മടങ്ങുന്ന തൊഴിച്ചാൽ അപകടങ്ങൾ ആവർത്തിക്കാരിരിക്കാൻ നടപടികൾ സ്വീകരിക്കാറില്ലെന്നത് യാത്രക്കാരുടേയും സമീപവാസികളുടേയും പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. റോഡിനിരുവശത്തെ കെട്ടിട മറ കാരണം പ്രധാന പാതയിൽ വരുന്ന വാഹനങ്ങൾ ദൂരെ നിന്നും തിരിച്ചറിയാൻ കഴിയാത്തതാണ് മിക്ക അപകടങ്ങൾക്കും കാരണമായിരിക്കുന്നത്.