ഇരിട്ടി: ഇരിട്ടി കീഴൂരിൽ തലശേരി-മൈസൂരു അന്തർസംസ്ഥാന പാതയിൽ റോഡിലേക്കു തെന്നിവീണ വയോധികന്റെ ദേഹത്തുകൂടി വാഹനങ്ങൾ കയറിയിറങ്ങി മരിച്ച സംഭവത്തിൽ വാഹനങ്ങളും ഡ്രൈവർമാരും പോലീസ് കസ്റ്റഡിയിൽ.
മരണപ്പെട്ടയാളെ ആളെ ആദ്യം ഇടിച്ചു നിർത്താതെ പോയ വാഹനത്തിന്റെ ഡ്രൈവറായ ആറളം സ്വദേശി ഇബ്രാഹിനെയും തുടർന്ന് ചക്കരക്കൽ ഇരുവേരി സ്വദേശിയായ മുഹമ്മദിനെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇരുവരുടെയും വാഹനങ്ങളും കസ്റ്റഡിയിൽ എടുത്തു.
ബുധനാഴ്ച രാത്രി 8.30 തോടെയാണ് മനഃസാക്ഷിയെ നടുക്കുന്ന അപകടം ഉണ്ടായത്. ജോലികഴിഞ്ഞു താമസ സ്ഥലത്തേക്കു പോകുക ആയിരുന്ന അടിമാലി സ്വദേശി ഗോപാലകൃഷ്ണൻ (65 ) കാൽവഴുതി മഴ നനയാതെ ചൂടിയിരുന്ന കുടയോടു കൂടി റോഡിലേക്ക് വീഴുന്നത്.
റോഡിൽ എണീറ്റിരുന്ന ഗോപാലകൃഷ്ണനെ ആദ്യം വന്ന ഐറിസ് ഓട്ടോറിക്ഷ ഇടിച്ചുതെറിപ്പിച്ച് നിർത്താതെ കടന്നുപോയി. ഉടൻതന്നെ ഇരുവശത്തുനിന്നും വാഹനങ്ങൾ വന്നെങ്കിലും ആരും നിർത്താൻ തയാറാകത്തെ വേഗത്തിൽ കടന്നുപോകുകയായിരുന്നു. അതീവ ഗുരുതരമായി പരിക്കേറ്റ ഗോപാലകൃഷ്ണനെ പോലീസ് കണ്ണൂർ ഗവ.മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും ചികിത്സയിൽ ഇരിക്കെ മരണപ്പെടുകയായിരുന്നു.
പോലീസ് അന്വേഷണം
ഇരിട്ടി എഎസ്പിയുടെ നിർദേശപ്രകാരം ഇരിട്ടി പ്രിൻസിപ്പൽ എസ്ഐ ഷറഫുദ്ദീന്റെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് 70 ഓളം സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വാഹനങ്ങൾ കണ്ടെത്തിയത്.
രാത്രിയിൽ വൈദ്യുതി ഇല്ലാതിരുന്നതിനാൽ പല സിസിടിവിയിലും ദൃശ്യങ്ങൾ ലഭിച്ചിരുന്നില്ല. സംഭവസ്ഥലത്തുനിന്നു കണ്ണൂർ റൂറൽ പോലീസിന്റെ സിസിടിവി കാമറയിൽ പതിഞ്ഞ ദൃശ്യത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് രണ്ടുസംഘമായി തിരിഞ്ഞു പരിശോധന നടത്തിയതിലാണ് ഐറിസ് വാഹനവും ഇന്നോവ ക്രിസ്റ്റ കാറും കസ്റ്റഡിയിൽ എടുത്തത്.