ആറ്റിങ്ങൽ/ചാത്തന്നൂർ : ദേശീയപാതയിൽ കല്ലന്പലം ചാത്തൻപാറയിൽ മീൻ കയറ്റിവന്ന മിനിലോറിയും കാറും കൂട്ടിയിടിച്ച് ചാത്തന്നൂർ ചിറക്കര സ്വദേശികളായ അഞ്ച് യുവാക്കൾ മരിച്ചു. ഇന്നലെ രാത്രി പത്തിനായിരുന്നു അപകടം.കാറില്‍ അഞ്ചുപേരായിരുന്നു ഉണ്ടായിരുന്നത്. മിനി ലോറി ഇടിച്ചതിനെ തുടര്‍ന്ന് കാറിന്റെ ഒരുഭാഗത്ത് തീപിടിക്കുകയും ചെയ്തു.
ചിറക്കര താഴം അരുൺ നിവാസിൽ മധുജനാർദനന്റെയും സുധർമണിയുടെയും മകൻ അരുൺ, ചിറക്കര ഇടവട്ടം സരോജിനി നിവാസിൽ സുരേന്ദ്രൻ പിള്ളയുടെ മകൻ സുധീഷ് , ഇടവട്ടം രാജേഷ് ഭവനിൽ രാമചന്ദ്രന്റെ മകൻ രാജീവ് , സൂര്യോദയകുമാർ, വിഷ്ണു എന്നിവരാണ് മരിച്ചത്.
ചിറക്കര ക്ഷേത്രത്തിന് സമീപം സ്റ്റുഡിയോയും വ്യാപാരസ്ഥാപനങ്ങളും നടത്തിവരികയായിരുന്നു അഞ്ചംഗ സുഹൃദ് സംഘം. പരിക്കേറ്റ മൂന്നുപേരെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലും രണ്ടുപേരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കല്ലന്പലം പോലീസ് കേസെടുത്തു.