കോട്ടയം: പുലർച്ചെ നഗരമധ്യത്തിൽ കാറിടിച്ച് ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്. ഇടിച്ച കാർ നിർത്താതെ പോയെങ്കിലും പിന്നീട് ഡ്രൈവർ പോലീസിന് കീഴടങ്ങി. കാർ ട്രാഫിക് പോലീസ് കസ്റ്റഡിയിലെടുത്തു. ഗാന്ധി സ്ക്വയറിൽ ഇന്നു പുലർച്ചെ അഞ്ചേകാലിനാണ് അപകടം. കാരാപ്പുഴ കാർത്തിക ഭവനിൽ രാജു (61)വിനാണ് പരിക്കേറ്റത്. ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്കേറ്റ പരിക്ക് ഗുരുതരമായതിനെ തുടർന്ന് സർജറി വിഭാഗം തീവ്ര പരിചരണ വിഭാഗത്തിൽ കിടത്തിയിരിക്കുകയാണ്.
തിരുനക്കര ബസ് സറ്റാൻഡ് ഭാഗത്ത് ഓട്ടോറിക്ഷ നിർത്തിയ ശേഷം പത്രം വാങ്ങുന്നതിനായി റോഡ് മുറിച്ചുകടക്കുന്പോൾ തെക്കു നിന്ന് പാഞ്ഞെത്തിയ കാർ ഓട്ടോ ഡ്രൈവറെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്നു പറയുന്നു. അപകടമുണ്ടാക്കിയ കാർ ബേക്കർ ജംഗ്ഷൻ ഭാഗത്തേക്ക് പാഞ്ഞുപോയി.
അപകട വിവരമറിഞ്ഞ് കാർ കണ്ടെത്താനായി പോലീസ് അന്വേഷണം നടത്തുന്നതിനിടെ ഡ്രൈവർ പോലീസിന് കീഴടങ്ങി. പൂവൻതുരുത്ത് സ്വദേശി ശ്രീനാഥ് (32) ആണ് കീഴടങ്ങിയത്. പുതിയ കാർ കോടിമതയിൽ കണ്ടെയ്നറിൽ നിന്ന് ഇറക്കിയ ശേഷം തെള്ളകത്തുള്ള ഷോറൂമിലേക്ക് കൊണ്ടുപോകുന്പോഴാണ് അപകടമുണ്ടായത്.
അപകടത്തിനു ശേഷം ഷോറൂമിലെത്തി വിവരം ധരിപ്പിച്ചപ്പോൾ ഷോറൂം അധികൃതരാണ് പോലീസിന് കീഴടങ്ങാൻ ഡ്രൈവറോട് നിർദേശിച്ചത്. കോട്ടയം ട്രാഫിക് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കാർ ഡ്രൈവറെ പിന്നീട് അറസ്റ്റു ചെയ്തു.