എടത്വ: ഗട്ടറിൽ വീണു നിയന്ത്രണം വിട്ട ഓട്ടോ നദിയിലേക്ക് മറിഞ്ഞു. യാത്രക്കാരായ സ്ത്രീകളും ഡ്രൈവറും നാട്ടുകാരുടെ സമയോജിതമായ ഇടപെടലിൽ അത്ഭുതകരമായി രക്ഷപെട്ടു. എടത്വ മാർക്കറ്റ്-ഇല്ലിമൂട് റോഡിൽ ഇന്നലെ രാവിലെ 7.45 നായിരുന്നു അപകടം. പള്ളിപാട് വഴുതാനത്ത് പാടത്ത് കൊയ്യാനായി പോയ നാല് സ്ത്രീകളും എടത്വ മഹാജൂബിലി ആശുപത്രിയിലെ ഒരു നേഴ്സുമാണ് ഓട്ടോയിലുണ്ടായിരുന്നത്.
തായങ്കരി സ്വദേശികളായ കരീക്കളത്തിൽ വാസന്തി (51), അറുപതിൽചിറ മായ (39), അജിതാഭവനത്തിൽ ഭവാനി (60), ദേവസ്വം തറ സുലേഖ (37), മെതിക്കളത്തിൽ സാലി ബിനു (42), ഡ്രൈവർ വടകരത്തറ വിനോദ് (33) എന്നിവരായിരുന്നു ഓട്ടോയിലുണ്ടായിരുന്നത്. കെഎസ്ആർടിസി ബസ് കാത്തുനിന്ന ഇവർ ബസ് വരാതിരുന്നതിനെത്തുടർന്ന് വിനോദിന്റെ ഓട്ടോറിക്ഷയിൽ എടത്വയിലേക്ക് വരുന്പോഴായിരുന്നു അപകടം.
ഗട്ടറിൽ വീണ ഓട്ടോ കല്ലിൽ തട്ടി നിയന്ത്രണം വിട്ട് എടത്വ സെന്റ് ജോർജ്ജ് ഫൊറോനാപള്ളിയുടെ മുന്നിലൂടെയുള്ള ആഴമേറിയ നദിയിലേക്ക് വീഴുകയുമായിരുന്നു. ഓട്ടോ പൂർണമായും മുങ്ങിപ്പോയി. അപകടം കണ്ട സമീപവാസികളും വഴിയാത്രക്കാരുമായ പരുത്തിപ്പള്ളിച്ചിറ ബാബു ദേവസ്യാ, മണ്ണിശ്ശേരിൽ തോമസുകുട്ടി, ജോണ്സണ് കല്ലറയ്ക്കൽ എന്നിവർ നദിയിലേക്ക് ചാടി ഓട്ടോയിലുണ്ടായിരുന്നവരെ കരക്കെത്തിക്കുകയായിരുന്നു.
പുറകിലെ സീറ്റിൽ ഇരുന്ന മായ രക്ഷപെടാനുള്ള ശ്രമത്തിനിടയിൽ ഡ്രൈവറുടെ സീറ്റിനിടയിൽ കുടുങ്ങുകയും നാട്ടുകാർ പുറത്തേക്ക് വലിച്ച് എടുക്കുന്നതിനിടയിൽ മൂക്കിന് പരിക്കേൽക്കുകയും ചെയ്തു. അപകടത്തിൽപ്പെട്ടവരെ എടത്വയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എല്ലാവരും അപകടനില തരണം ചെയ്തിട്ടുണ്ട്. തായങ്കരി റോഡിലൂടെ എടത്വ പള്ളിയിലേക്ക് വരാനുള്ള എളുപ്പമാർഗമായതിനാൽ നൂറ് കണകക്കിന് വാഹനങ്ങളാണ് ഇത് വഴി കടന്ന് പോവുന്നത്.
പൂർണമായും തകർന്ന് കിടക്കുന്ന ഈ റോഡിൽ വാഹനങ്ങൾ ഗട്ടറിൽ വീണ് നിരവധി അപകടങ്ങളാണ് ഉണ്ടാകുന്നത്. ഇരുചക്രവാഹനം കുഴിയിൽ വീണതിനെ തുടർന്ന് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ച് വാഹനത്തിന്റെ പുറകിൽ ഇരുന്ന് യാത്രചെയ്ത വിദ്യാർത്ഥിയുടെ കാൽ ഒടിഞ്ഞ സംഭവവും ഉണ്ട്. എടത്വ പള്ളി തിരുനാളിന് 27 ന് കൊടിയേറി കഴിയുന്പോൾ ഏറ്റവും തിരക്കേറിയ റോഡ് കൂടിയായി തീരും ഇത്.