തൃശൂർ: പാലക്കാട്-തൃശൂർ ദേശീയപാതയിൽ മണ്ണുത്തിക്കടുത്ത് കാളത്തോട് സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ടിപ്പറിന്റെ ഡ്രൈവറടക്കം ഏഴു പേർക്ക് പരിക്ക്. രാവിലെ 8.45 ഓടെ കാളത്തോട് സെന്ററിൽ വച്ചായിരുന്നു അപകടം. പാലക്കാട് ഭാഗത്തു നിന്നു വരികയായിരുന്ന ടിപ്പർ ലോറിയെ തൃശൂർ ഭാഗത്തു നിന്നു പോവുകയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്ത് റോംഗ് സൈഡിലൂടെ മുന്നോട്ടു കയറിയ ബസ് എതിർദിശയിൽ വന്നിരുന്ന ടിപ്പറിലിടിച്ചു.
ഇടിയുടെ ആഘാതത്തിൽ രണ്ടു വാഹനങ്ങളുടേയും മുൻഭാഗം തകർന്നു. ടിപ്പർ ലോറിയുടെ ക്യാബിനിൽ കുടുങ്ങിക്കിടന്നിരുന്ന ഡ്രൈവർ പാലാ കണ്ണാടിപ്പറന്പ് മുരിയാടത്തുകുന്നിൽ വീട്ടിൽ പ്രദീപിനെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. ബസ് യാത്രക്കാരായ ആറു പേർക്കും അപകടത്തിൽ പരിക്കേറ്റു.
തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലാണ് ഡ്രൈവറടക്കം പരിക്കേറ്റ ഏഴുപേരെയും പ്രവേശിപ്പിച്ചിട്ടുള്ളത്. ബസ് യാത്രക്കാരായ ഓമന, ഉഷ, ബാബു, ശിവകുമാർ, ചിത്ര, സുധനസു എന്നിവരും ജൂബിലി ആശുപത്രിയിൽ ചികിത്സയിലുണ്ട്. ആരുടേയും നില ഗുരുതമല്ല. ടിപ്പർ ഡ്രൈവറുടെ കാലിന്റെ എല്ലുകൾ ഒടിഞ്ഞിട്ടുണ്ട്. തൃശൂരിൽ നിന്ന് ഫയർഫോഴ്സിന്റെ രണ്ടു യൂണിറ്റുകളും ആംബുലൻസും മണ്ണുത്തി പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.