കുമരകം: കാർ ചെളിയിൽ തെന്നി നിയന്ത്രണം വിട്ടു മരത്തിലിടിച്ചു മറിഞ്ഞു വൈദികനടക്കം രണ്ടു പേർക്കു പരിക്കേറ്റു. എറണാകുളം സെന്റ് മേരീസ് ബസിലിക്ക വികാരി റവ. ഡോ. ജോസ് പുതിയേടത്ത് (58), ഡ്രൈവർ പറവൂർ ചേന്നാമംഗലം സ്വദേശി ഡെന്നി വർഗീസ് (47) എന്നിവർക്കാണു പരിക്കേറ്റത്.
ഇന്നലെ രാവിലെ 9.30നു കുമരകം പള്ളിച്ചിറയ്ക്കും പുത്തൻറോഡിനും മധ്യേയാണ് അപകടം. കോട്ടയം വടവാതൂർ മേജർ സെമിനാരിയിൽ വൈദിക വിദ്യാർഥികൾക്കു ക്ലാസെടുക്കുന്നതിന് എറണാകുളത്തുനിന്നു കാറിൽ വരികയായിരുന്നു. തോട്ടിൽനിന്നു കോരി റോഡിലിട്ടിരുന്ന ചെളിയിൽ തെന്നിയാണു കാർ അപകടത്തിൽപ്പെട്ടത്.
ഇവർ സഞ്ചരിച്ചിരുന്ന ടാറ്റാ ഇൻഡിഗോ കാർ പൂർണമായും തകർന്നു. കുടുങ്ങിപ്പോയ ഡ്രൈവർ ഡെന്നിയെ അപകടം നടന്ന് അര മണിക്കൂർ കഴിഞ്ഞു കാർ വെട്ടിപ്പൊളിച്ചാണു പുറത്തെടുത്തത്. ഇരുവരെയും കോട്ടയം മെഡിക്കൽ കോളജിലും പീന്നിട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇരുവരുടെയും കാലിനാണു പരിക്ക്.