മദ്യവും കഞ്ചാവും ഉപയോഗിച്ച് ലക്കുകെട്ട യുവാവ് മറയൂര്‍ ടൗണില്‍ അപകടപരമ്പര സൃഷ്ടിച്ചു. ലഹരിയില്‍ വ്യാപാര സ്ഥാപനങ്ങളുടെ വാരന്തയിലൂടെ വാഹനം ഓടിച്ചപ്പോള്‍ പലരും തലനാരിഴക്കാണ് രക്ഷപെട്ടത്. മറയൂര്‍ ടൗണിലെ മൂന്നു വാഹങ്ങള്‍ ഇടിച്ചുതെറിപ്പിച്ച് ഭീകരന്തരീക്ഷം സൃഷ്ടിച്ച് വാഹനം നിര്‍ത്താതെപോയ യുവാവിനെ പോലീസ് പിന്തുടര്‍ന്ന് പിടികൂടി.
ഇന്നലെ വൈകുന്നേരം ആറോടെയാണ് ലഹരിയില്‍ കാറുമായെത്തിയ യുവാവ് മറയൂര്‍ സിപിഎം ഓഫീസിനു സമീപത്തെ മാന്തോപ്പില്‍ വളവ് ഭാഗത്ത് റോഡരികില്‍ പാര്‍ക്കുചെയ്തിരൂന്ന രണ്ട് ഇരുചക്ര വാഹനങ്ങളും കടയുടെ മുന്നില്‍ പാര്‍ക്കുചെയ്തിരൂന്ന കാറും പൊതുമരാമത്ത് വകുപ്പിന്‍റെ സൈന്‍ബോര്‍ഡും ഇടിച്ചുതെറിപ്പിച്ച് ടൗണിലൂടെ അമിതവേഗത്തില്‍ ഓടിച്ചുപോയത്.
മറയൂരിലും സമീപപ്രദേശങ്ങളിലും മത്സ്യവ്യാപാരം നടത്തുന്ന അടിമാലി ഇരുമ്പുപാലം സ്വദേശി ജിഷ്ണു(30) വിനെയാണ് പോലീസ് അറസ്റ്റുചെയ്തത്. മറയൂര്‍ ടൗണില്‍ ഇലട്രോണിക്‌സ് കട നടത്തുന്ന തങ്കച്ചന്‍റെ വാഗണ്‍ ആര്‍ കാറും പെയിന്റിംഗ് തൊഴിലാളി കരിമുട്ടി സ്വദേശി രഞ്ജിത്തിന്റെ ഹോണ്ട മാസ്‌ട്രോ, നൂറുവീട് സ്വദേശി ജോയിയുടെ യമഹ ബൈക്കും ഇടിച്ചുതെറിപ്പിച്ചു. ഇരുചക്രവാഹനത്തിനുസമീപം നിന്നിരൂന്ന രഞ്ജിത്തിന്റെ കാലിനും പള്ളനാട് ഭാഗത്ത് റോഡരുകില്‍ നിന്നിരുന്ന മേരികുട്ടിക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവര്‍ ചികിത്സതേടി. ഇരുവരുടെയും പരിക്ക് സാരമല്ല.