നവാസ് മേത്തര്‍
തലശേരി: മേല്‍നോട്ടം വഹിക്കാനുള്ള അധികാരം സിഐമാരില്‍ നിന്നും എടുത്തു മാറ്റിയതോടെ വാഹനാപകട മരണവും ഗാര്‍ഹിക പീഡനവും ഉള്‍പ്പെടെയുള്ള കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് അനിശ്ചിതമായി നീളുന്നു. സംസ്ഥാനത്തെ നിരവധി പോലീസ് സ്റ്റേഷനുകളില്‍ ഇത്തരത്തില്‍ നൂറു കണക്കിന് കേസുകളാണ് കെട്ടിക്കിടക്കുന്നത്. വാഹനാപകട മരണങ്ങള് സംബന്ധിച്ച കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിക്കാതിരിക്കുന്നത് ആശ്രിതര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിന് തടസമായി മാറിയിട്ടുണ്ട്.
ഗൃഹനാഥന്മാര് അപകടത്തില്‍ മരണമടഞ്ഞ കേസുകളില്‍ നഷ്ടപരിഹാരത്തിന് വഴിയൊരുങ്ങാത്തത് നിരവധി കുടുംബങ്ങളെ ദുരിതത്തിലാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്കാന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സാധിക്കുന്നില്ല.304 എ വകുപ്പ് പ്രകാരം രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ സിഐമാരാണ് വെരിഫിക്കേഷന് നടത്തുന്നത്.
അന്വേഷണം പൂര്‍ത്തിയാക്കുന്ന ഉദ്യോഗസ്ഥന് കേസ് ഫയല്‍ സിഐക്ക് സമര്‍പ്പിക്കും .സിഐ വെരിഫിക്കേഷന് നടത്തിയ ശേഷം ഫയല്‍ തിരിച്ച് സ്റ്റേഷനിലേക്ക് അയക്കുകയും തുടര്‍ന്ന് കുറ്റപത്രം സമര്‍പ്പിക്കുകയുമാണ് പതിവ്. എന്നാല്‍ പുതിയ ഉത്തരവ് വന്നതോടെ സിഐ മാരുടെ ചുമതല അതാത് പോലീസ് സ്റ്റേഷനില്‍ മാത്രം ഒതുങ്ങി.
ഇതോടെ ഇത്തരത്തിലുള്ള ഫയലുകള്‍ സിഐ ഓഫീസുകള്‍ സ്വീകരിക്കാതായി. പിന്നീട് ഫയലുകള്‍ അതാത് സബ് ഡിവിഷനിലെ ഡിവൈഎസ്പി മാര്‍ക്കും എഎസ്പിമാര്ക്കുമാണ് ഇപ്പോള്‍ അയക്കുന്നത്. എന്നാല്‍ ഇത്തരം ഫയലുകള്‍ വെരിഫിക്കേഷന് നടാത്താനുള്ള ചുമതല തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നാണ് പല സബ് ഡിവിഷന് ഓഫീസര്‍മാരും ചൂണ്ടിക്കാട്ടുന്നത്.
ഇക്കാര്യം പല സ്റ്റേഷനുകളില്‍ നിന്നും ഡിസിഐആര്ബി ഡിവൈഎസ്പി യുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുമുണ്ട്.എന്നാല്‍ ഇതുവരെ ആര് വെരിഫിക്കേഷന് നടത്തണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.മുമ്പ് തന്റെ കീഴിലുണ്ടായിരുന്ന സ്റ്റേഷനുകളിലെ ഒരു കാര്യത്തിലും ഇപ്പോള്‍ ഇടപെടാന്‍ സിഐ മാര്‍ക്ക് അധികാരമില്ല.
സിഐമാര്‍ എസ്എച്ചഒ മാരായ സ്റ്റേഷനുകളില്‍ എസ്ഐ മാര്‍ സ്വതന്ത്രരാകുകയും ചെയ്തു. സ്റ്റേഷന്റെ ചുമതലയുണ്ടായിരുന്ന എസ്ഐമാര്‍ക്ക് ഇപ്പോള്‍ വൈകുന്നേരം സ്ഥലം വിടാന്‍ പറ്റുന്ന സാഹചര്യമാണുള്ളത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെയ്ത ജോലി വീണ്ടും ചെയ്യേണ്ടി വരുന്നതിന്റെ അസംതൃപ്തി ഭൂരിഭാഗം സിഐമാര്‍ക്കും ഉണ്ട്. വര്‍ഷങ്ങളോളം എസ്ഐയായി ജോലി ചെയ്ത ശേഷമാണ് സിഐയായി പ്രമോഷന് ലഭിക്കുന്നത് തന്നെ.
സിഐ ആയ ശേഷം വീണ്ടും എസ്ഐയുടെ കസേരയില്‍ വന്നിരിക്കേണ്ട് ഗതികേടിലാണ് തങ്ങളുള്ളതെന്നാണ് മറ്റൊരു സിഐ പരിതപിച്ചത്. പുതിയ പരിഷ്കാരം വന്നതോടെ സംസ്ഥാനത്തെ പല പോലീസ് സ്റ്റേഷനുകളും നാഥനില്ലാ കളരിയായി മാറിയിട്ടുണ്ട്. സ്റ്റേഷന് ചുമത വഹിക്കേണ്ടി വന്നിട്ടുള്ള പല സിഐ മാരും ഇപ്പോള്‍ ഏതെങ്കിലും സ്പെഷല്‍ വിംഗിലേക്ക് സ്ഥലം മാറ്റം വാങ്ങാനുള്ള നെട്ടോട്ടത്തിലുമാണ്.