കൊച്ചി: വാഹനാപകടത്തില്‍ മരിച്ച ബൈക്ക് യാത്രക്കാരന് ഹെല്‍മെറ്റ് ധരിച്ചിരുന്നില്ലെന്ന കാരണത്താൽ നഷ്ടപരിഹാരത്തുക വെട്ടിക്കുറച്ച വാഹനാപകട നഷ്ടപരിഹാര ക്ലെയിം ട്രൈബ്യൂണലിന്റെ (എംഎസിടി) വിധി ഹൈക്കോടതി റദ്ദാക്കി.
ഹെല്‍മെറ്റ് ധരിക്കാതെ ബൈക്കില്‍ സഞ്ചരിച്ച യാത്രക്കാരന്റെ ഭാഗത്തും വീഴ്ചയുണ്ടെന്ന ട്രൈബ്യൂണലിന്റെ വിലയിരുത്തല്‍ റദ്ദാക്കിയാണ് ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന്റെ തീരുമാനം.
മലപ്പുറം മറ്റത്തൂര്‍ സ്വദേശി മുഹമ്മദ് കുട്ടി 2007 ഓഗസ്റ്റ് എട്ടിനുണ്ടായ അപകടത്തില്‍ മരിച്ച സംഭവത്തില്‍ തിരൂര്‍ എംഎസിടി നഷ്ടപരിഹാരത്തുക നിശ്ചയിച്ചതിനെതിരേ ഭാര്യ ഖദീജയും മക്കളും നല്കിയ അപ്പീലും തുക നിശ്ചയിച്ചതില്‍ അപാകതയുണ്ടെന്ന ഇന്‍ഷ്വറന്‍സ് കമ്പനിയുടെ അപ്പീലും പരിഗണിച്ചാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.
ഹെല്‍മെറ്റ് ധരിക്കാത്തതു മൂലമുള്ള അപകടമാണോയെന്ന് ഓരോ കേസിലും വസ്തുതകള്‍ പരിശോധിച്ചു വിലയിരുത്തണമെന്ന് കോടതി പറഞ്ഞു. എന്നാല്‍ നഷ്ടപരിഹാരം കുറയ്ക്കാനാവില്ലെന്ന വിധി ഹെല്‍മെറ്റ് ധരിക്കാതെ ബെക്കില് യാത്ര ചെയ്യാനുള്ള ലൈസന്‍സല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ബൈക്ക് യാത്രക്കാര്‍ നിര്‍ബന്ധമായും ഹെല്‍മെറ്റ് ധരിക്കണമെന്ന കേരള മോട്ടോര്‍ വാഹന നിയമത്തിലെ സെക്ഷന്‍ 129 കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണെമന്നും നിര്‍ദേശിച്ചു.
മുഹമ്മദ്കുട്ടി മകന്റെ ബൈക്കിനു പിന്നിലിരുന്നു പോകുമ്പോള്‍ എതിരേവന്ന ടാറ്റ സുമോ ബൈക്കിലിടിച്ചാണ് അപകടമുണ്ടായത്. തെറിച്ചുവീണ് ഗുരുതര പരിക്കേറ്റ മുഹമ്മദ് കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നഷ്ടപരിഹാരമായി 30.37 ലക്ഷം രൂപ ട്രൈബ്യൂണല്‍ നിശ്ചയിച്ചെങ്കിലും ബൈക്കിനു പിന്നിലിരുന്ന് യാത്ര ചെയ്യുന്നവര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാണെന്ന നിയമം പാലിച്ചില്ലെന്ന് ആരോപിച്ച് 20 ശതമാനം വെട്ടിക്കുറച്ച് 26.43 ലക്ഷമാക്കി. ഇതിനെതിരെയാണ് ബന്ധുക്കള്‍ അപ്പീല്‍ നല്‍കിയത്.
ബൈക്കിനു പിന്നിലിരുന്ന മുഹമ്മദ് കുട്ടി ഹെല്‍മെറ്റ് ധരിച്ചിരുന്നില്ലെന്നതു കൊണ്ടുമാത്രം നിയമലംഘനം നടത്തിയെന്ന് പറയാന്‍ കഴിയില്ലെന്ന് ഉത്തരവ് പറയുന്നു. എന്നാല്‍ സ്വകാര്യ കോളജിലെ സീനിയര്‍ ഗ്രേഡ് ലക്ചററായിരുന്ന മുഹമ്മദ് കുട്ടി സര്‍വീസില്‍ നിന്നു വിരമിക്കാന്‍ മൂന്നു വര്‍ഷം ശേഷിക്കെയാണ് അപകടത്തിൽപ്പെട്ടത്.
എന്നാല്‍ 11 വര്‍ഷത്തെ ശമ്പളം ഉള്‍പ്പെടെ കണക്കാക്കിയാണ് നഷ്ടപരിഹാരം നിശ്ചയിച്ചതെന്നായിരുന്നു ഇന്‍ഷ്വറന്‍സ് കമ്പനിയുടെ വാദം. തുടര്‍ന്ന് ഹൈക്കോടതി നഷ്ടപരിഹാരത്തുക പുനർനിശ്ചയിച്ചു. ബന്ധുക്കള്‍ക്ക് 25.66 ലക്ഷം രൂപ 7.5 ശതമാനം പലിശ സഹിതം നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്.