മുരിങ്ങൂർ: അപകടത്തിൽപെട്ട ഓട്ടോറിക്ഷാ ഡ്രൈവർക്കു രക്ഷകനായി കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ. ഇന്നലെ ഉച്ചയ്ക്കു ദേശീയപാതയിൽ മുരിങ്ങൂരിൽ ഉണ്ടായ അപകടത്തിലാണ് അതുവഴിവന്ന മന്ത്രി രക്ഷാപ്രവർത്തകനായത്. അപകടത്തിൽ പരിക്കേറ്റ, കൊരട്ടി കോനൂരിൽ വാടകവീട്ടിൽ താമസിക്കുന്ന കുറ്റിക്കാട് സ്വദേശി കുറ്റിക്കാടൻ ജെസ്റ്റിനെ(38)യാണ് മന്ത്രി അപകടത്തിൽപെട്ട ഓട്ടോറിക്ഷയിൽനിന്നും പുറത്തെടുത്ത് തന്റെ പൈലറ്റ് വാഹനത്തിൽ കയറ്റി ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിലെത്തിച്ചത്. രക്ഷാപ്രവർത്തനത്തിനിടയിൽ മന്ത്രിയുടെ വലതുകൈക്കും ചെറിയ മുറിവേറ്റു.
ഇന്നലെ ഉച്ചയ്ക്ക് 12.30നായിരുന്നു അപകടം. മുരിങ്ങൂർ സിഗ്നലിൽ രണ്ടു കണ്ടെയ്നർ ലോറികൾക്കിടയിൽ കിടക്കുകയായിരുന്നു ഓട്ടോറിക്ഷ. സിഗ്നലായപ്പോൾ പിന്നിൽ കിടന്ന കണ്ടെയ്നർ ലോറി പെട്ടെന്നു മുന്നിലേക്കെടുക്കുകയും ഓട്ടോറിക്ഷയെ മുന്നിലുണ്ടായിരുന്ന കണ്ടെയ്നർ ലോറിയിൽ ചേർത്തിടിക്കുകയുമായിരുന്നു. ഈ സമയത്താണ് മന്ത്രി സുനിൽകുമാർ അതുവഴി വന്നത്.
നാളെ നടക്കുന്ന നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുവാൻ തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന മന്ത്രി കാറിൽ നിന്നിറങ്ങി അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ടി. പ്രദീപ്കുമാർ, ഗണ്മാൻ ചന്ദ്രൻ, പൈലറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ സഹായത്തോടെ ഡ്രൈവറെ ഓട്ടോറിക്ഷയിൽനിന്നു വലിച്ചെടുത്ത് ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
തലയ്ക്ക് പരിക്കേറ്റ ഓട്ടോ ഡ്രൈവറുടെ സ്കാനിംഗ് റിപ്പോർട്ട് കിട്ടുന്നതുവരെ മന്ത്രി കാത്തിരുന്നു. ജെസ്റ്റിന്റെ നട്ടെല്ലിനും ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. തലയ്ക്ക് ഏറ്റ മുറിവ് സാരമില്ലെന്ന് അറിഞ്ഞശേഷമാണ് മന്ത്രി മടങ്ങിയത്. മന്ത്രിയുടെ കൈക്ക് ഏറ്റ മുറിവിൽ പ്രഥമശുശ്രൂഷയും നടത്തി. നേരത്തെ ചാലക്കുടി മേഖലയിൽ ഉണ്ടായ പല അപകടങ്ങളിലും മന്ത്രി സുനിൽകുമാർ രക്ഷകനായി എത്തിയിട്ടുണ്ട്.ി