ചിങ്ങവനം: കുറിച്ചിയില്‍ നിയന്ത്രണം നഷ്ടമായ കാര്‍ തട്ടുകടയിലേക്ക് ഇടിച്ചുകയറി തമിഴ്നാട് സ്വദേശിക്കു ദാരുണാന്ത്യം. സ്വാമി ദൊരെയാണ് മരിച്ചത്.
അപകടത്തിൽ വഴിയാത്രക്കാരായ പോലീസുകാരനുൾപ്പെടെ അഞ്ചു പേർക്കു പരിക്കേറ്റു.ഇന്നു രാവിലെ ആറിന് എംസി റോഡില്‍ കുറിച്ചി കാലായിപ്പടിയിലാണ് അപകടം.
തിരുവനന്തപുരത്തുനിന്ന് കോട്ടയം ഭാഗത്തേക്കു പോവുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. തട്ടുകടയില്‍ ഇടിച്ചശേഷം എതിരേ വരികയായിരുന്ന പോലീസ് ഉദ്യോഗസ്ഥന് സഞ്ചരിച്ചിരുന്ന ബൈക്കിലും ഇടിച്ചാണ് കാര്‍ നിന്നത്.
സംഭവത്തെത്തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാര്‍ ഗുരുതരമായി പരിക്കേറ്റ സ്വാമി ദൊരെയെ ചങ്ങനാശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. അപകടത്തെത്തുടര്‍ന്ന് എംസി റോഡില്‍ ഗതാഗത തടസം നേരിട്ടു. ചിങ്ങവനം പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.