ചാവക്കാട്: ദേശീയപാത ചേറ്റുവ പാലത്തിന് സമീപത്തെ ഡിവൈഡർ വാഹനങ്ങൾക്ക് ഭീഷണി. അപകടം തുടർക്കഥ. നടപടി എടുക്കാതെ ദേശീയപാത അധികൃതർ അപകടത്തിൽപെടുന്ന വാഹനത്തിന്റെ ഡ്രൈവർമാർക്കെതിരെ കേസ്. കഴിഞ്ഞആഴ്ച ഇവിടെ രണ്ടു കണ്ടെയ്നർ ലോറികൾ മറിഞ്ഞു. രണ്ടും ഡിവൈഡറിൽ ഇടിച്ചാണ് മറിഞ്ഞത്. ചൊവ്വാഴ്ച പുലർച്ചെ അഞ്ചരക്കാണ് ആദ്യത്തെ അപകടം. വ്യാഴാഴ്ച പുലർച്ചെ മൂന്നരക്കാണ് രണ്ടാമത്തെ അപകടം.
രണ്ടും ടൈൽ കയറ്റിയ ഒരേ കന്പനിയുടെ ലോറികൾ. ലക്ഷക്കണക്കിനു രൂപയുടെ ടൈൽ തകർന്നു. ഡ്രൈവർമാർക്ക് പരിക്ക്, ലോറികൾക്ക് കേട്, അപകടകരമായി ലോറി ഓടിച്ചതിന് ഡ്രൈവർമാർക്കെതിരെ കേസ്.ചേറ്റുവപാലം കഴിഞ്ഞ് ചാവക്കാട് ഭാഗത്തേക്ക് വരുന്പോഴുള്ള കോണ്ക്രീറ്റ ഡിവൈഡറിൽ ഇടിച്ചാണ് അപകടങ്ങൾ നടക്കുന്നത്.
പല വാഹനങ്ങളും അപകടത്തിൽ പെട്ടിട്ടുണ്ട്. മുന്പ് ചേറ്റുവ പാലത്തിനു ടോൾ പിരിച്ചിരുന്നപ്പോൾ ഇരുവശത്തും വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനായിരുന്നു ഇതു നിർമിച്ചിരുന്നത്. ടോൾ നിർത്തലാക്കിയിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും ഡിവൈഡർ ഇപ്പോഴും നിലനിൽക്കുകയാണ്. രാത്രിയിൽ വാടാനപ്പള്ളി ഭാഗത്തുനിന്ന് ചേറ്റുവ പാലം കയറിവരുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് ഡിവൈഡർ ശരിക്കും കാണാൻ കഴിയില്ല.
ചുറ്റും പുല്ലും മറ്റും കയറി ശ്രദ്ധയിൽ പെടാതെ നിൽക്കുന്ന ഉയരം കുറഞ്ഞ ഡിവൈഡറിൽ ഇടിച്ചാണ് അപകടം നടക്കുന്നത്. ഇതൊഴിവാക്കാൻ രാത്രിയിൽ ഡ്രൈവർമാരുടെ ശ്രദ്ധ പതിയാവുന്ന വിധത്തിൽ ദിശാബോർഡുകളും റിഫ്ളക്ടറുകളും ഡിവൈഡറിൽ സ്ഥാപിക്കുകയോ അതല്ലെങ്കിൽ അപകടത്തിന് കാരണമാകുന്ന കോണ്ക്രീറ്റ് ഡിവൈഡർ പൊളിച്ചുമാറ്റുകയോ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതിനായി പൗരസമിതി പ്രസിഡന്റ് ഷറഫുദീൻ മുനക്കകടവ് ദേശീയപാത അധികൃതർക്ക് കത്ത് അയച്ചു.