തിരുവനന്തപുരം: വാഹനാപകടത്തിൽ പരിക്കേറ്റ് അബോധാവസ്ഥയിലായ പിഎസ്സി സെക്ഷൻ ഓഫീസർക്ക് 4.48 കോടി രൂപ നഷ്ടപരിഹാരം നൽകാൻ വിധി.
ഉള്ളൂർ മാവർത്തലക്കോണം ഐശ്വര്യ നഗറിൽ ചന്ദ്രമോഹനം വീട്ടിൽ കെ.ആർ. പ്രസീദിന്റെ ഭാര്യ നിധി മോഹന് (46) ആണ് നഷ്ടപരിഹാരം നൽകാൻ തിരുവനന്തപുരം മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ വിധിച്ചത്.
2017 ഫെബ്രുവരിയിൽ പരുത്തിപ്പാറ ട്രാഫിക് സിഗ്നലിന് മുന്നിലായിരുന്നു അപകടം. സിഗ്നൽ തെറ്റിച്ചെത്തിയ കാർ ഇടിച്ചാണ് നീതി മോഹന് പരിക്കേറ്റത്.
കിംസ് ആശുപത്രിയിലും വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിലുമായി ഒരു വർഷത്തോളം ചികിൽസിച്ചെങ്കിലും തലച്ചോറിനു ഗുരുതര ക്ഷതം സംഭവിച്ചതിനാൽ ഓർമശക്തി തിരികെ കിട്ടിയില്ല.
പൂർണ അബോധാവസ്ഥയിലായി ശരീരം തളർന്നു കിടപ്പിലായ നിധിക്ക് പരസഹായം കൂടാതെ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനോ ചലിക്കാനോ കഴിയില്ല.
അപകടത്തിനു ശേഷം നിധിക്കു ജോലിയിൽ പുന:പ്രവേശിക്കാൻ കഴിഞ്ഞില്ല. നിധിയുടെ സർവീസും യോഗ്യതയും അനുസരിച്ച് ഇക്കാലയളവിൽ അണ്ടർ സെക്രട്ടറിയായി പ്രമോഷൻ ലഭിച്ചെങ്കിലും അബോധാവസ്ഥയിൽ ആയതിനാൽ ജോലിക്ക് കയറാനായില്ല.
മെഡിക്കൽ കോളജിലെ വിവിധ വകുപ്പുകളിലെ വിദഗ്ധ ഡോക്ടർമാരുടെ സംഘമടങ്ങിയ മെഡിക്കൽ ബോർഡ് നൽകിയ 80 ശതമാനം സ്ഥിര അവശത സർട്ടിഫിക്കറ്റ് കോടതി നഷ്ടപരിഹാരം കണക്കാൻ പരിഗണിച്ചിരുന്നു.
കേസിൽ പിഎസ്സി ഉദ്യോഗസ്ഥരെ സാക്ഷികളായി വിസ്തരിച്ചു. 2.83 കോടി രൂപയും അപകടം ഉണ്ടായ 2017 മുതൽക്കുള്ള പലിശയുമടക്കം 4.48 കോടി രൂപ നഷ്ട പരിഹാരം നൽകാനാണ് തിരുവനന്തപുരം മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ ശേഷാദ്രി നാഥൻ വിധിച്ചത്.
ഐസിഐസിഐ ലോന്പാർഡ് ജനറൽ ഇൻഷ്വറൻസ് കന്പനിയാണ് നഷ്ടപരിഹാരം നൽകേണ്ടത്. കോടതി ചെലവായി 50 ലക്ഷം രൂപയും ഇൻഷ്വറൻസ് കന്പനി കെട്ടിവയ്ക്കണം. നിധി മോഹനു വേണ്ടി അഭിഭാഷകരായ പി. സലിംഖാൻ, എസ്. രാധാകൃഷ്ണൻ, അനു അഷ്റഫ് എന്നിവർ ഹാജരായി.