കണ്ണൂർ: വാഹനമിടിച്ച് മരണം സംഭവിക്കുന്നവർക്കും പരിക്കേറ്റവർക്കും നഷ്ടപരിഹാരം ലഭിക്കാനുള്ള കേന്ദ്രനിയമം നടപ്പാക്കാൻ കേരളത്തിനു കർശന നിർദേശവുമായി കേന്ദ്രഗതാഗത വകുപ്പ്. ഇതുസംബന്ധിച്ച് പ്രത്യേക മാർഗനിർദേശങ്ങളും സർക്കുലറായി നല്കി.
ഇടിച്ച വാഹനം കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ മരിച്ചയാൾക്കു രണ്ടുലക്ഷവും ഗുരുതര പരിക്കേറ്റയാൾക്ക് 50,000 രൂപയും നഷ്ടപരിഹാരം ഉറപ്പാക്കാൻ കേന്ദ്രസർക്കാർ 2022 ഏപ്രിൽ ഒന്നിനു നിയമം കൊണ്ടുവന്നിരുന്നുവെങ്കിലും ജില്ലാതലങ്ങളിൽ കമ്മിറ്റി രൂപവത്കരിക്കാത്തതിനാൽ കേരളത്തിൽ നഷ്ടപരിഹാരം ലഭിക്കുന്നില്ലായിരുന്നു.
ക്ലെയിം സെറ്റിൽമെന്റ് കമ്മീഷണറായി ജില്ലാ കളക്ടർ, ക്ലെയിം എൻക്വയറി ഓഫീസറായി തഹസിൽദാർ, ജില്ലാ പോലീസ് മേധാവി, ചീഫ് മെഡിക്കൽ ഓഫീസർ, ആർടിഒ, റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയുടെ പ്രതിനിധി, ജനറൽ ഇൻഷ്വറൻസ് കൗൺസിൽ നോമിനേറ്റ് ചെയ്യുന്ന പ്രതിനിധി തുടങ്ങിയവരെ ഉൾപ്പെടുത്തിവേണം ജില്ലാ കമ്മിറ്റി രൂപവത്കരിക്കാൻ.
ഈ കമ്മിറ്റി രൂപവത്കരിച്ചാൽ മാത്രമേ ക്ലെയിം സെറ്റിൽമെന്റ് കമ്മീഷണറായി ജില്ലാ കളക്ടർക്കും ക്ലെയിം എൻക്വയറി ഓഫീസറായി തഹസിൽദാർക്കും നഷ്ടപരിഹാരത്തിനായി അപേക്ഷ നൽകാൻ സാധിക്കൂ. എന്നാൽ, കേരളത്തിൽ ഇത്തരത്തിൽ ഒരു കമ്മിറ്റി രൂപവത്കരിച്ചിട്ടില്ല. അതിനാൽ, കമ്മിറ്റി രൂപവത്കരിച്ച് എത്രയും വേഗം നഷ്പരിഹാരം നല്കാനാണു കേന്ദ്രനിർദേശം.
കേന്ദ്രസർക്കാർ പുറപ്പെടുവിപ്പിച്ച സർക്കുലറിലെ നിർദേശങ്ങൾ ഇങ്ങനെയാണ്: ജില്ലയിൽ ഇത്തരത്തിലുണ്ടാകുന്ന അപകടങ്ങൾ റിപ്പോർട്ട് ചെയ്യാൻ ഡിവൈഎസ്പി റാങ്കിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥനെ ജില്ലാ പോലീസ് മേധാവി നിയമിക്കണം.
ദിവസേന ഇത്തരത്തിൽ നടക്കുന്ന അപകടങ്ങൾ ഡിവൈഎസ്പി ജില്ലാ പോലീസ് മേധാവിക്ക് റിപ്പോർട്ട് ചെയ്യുകയും ജില്ലാ പോലീസ് മേധാവി രണ്ടാഴ്ചയിലൊരിക്കൽ ഇത്തരം അപകടങ്ങൾ കളക്ടർക്കു റിപ്പോർട്ട് ചെയ്യുകയും വേണം.
അപകടത്തിൽപ്പെട്ട ഇരകൾക്കുള്ള നഷ്ടപരിഹാരം ഉറപ്പാക്കാൻ കളക്ടർ അഡീഷണൽ കളക്ടർ തസ്തികയിൽ കുറയാതെയുള്ള ഒരാളെ നിയമിക്കണം. ഇരകൾക്കുള്ള നഷ്ടപരിഹാരം സമയബന്ധിതമായി പരിഹരിക്കുന്നതാണ് ഈ ഉദ്യോഗസ്ഥന്റെ ചുമതലയെന്നും കേന്ദ്രനിർദേശത്തിൽ പറയുന്നു.
അതാത് ജില്ലയിൽ നടന്ന ഇത്തരം അപകടങ്ങളുടെ വിവരവും നഷ്ടപരിഹാരം ലഭിക്കേണ്ടവരുടെ ലിസ്റ്റും ജില്ലാ കളക്ടർ എല്ലാ മാസവും ഗതാഗതവകുപ്പ് സെക്രട്ടറിക്കു കൈമാറണം.നഷ്ടപരിഹാരം എത്രപേർക്ക് കൊടുത്തുവെന്ന കാര്യം ഗതാഗത വകുപ്പ് സംസ്ഥാന ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും അറിയിക്കണം.
മൂന്നുമാസത്തിലൊരിക്കൽ കളക്ടർ, എസ്പി, ചീഫ് സെക്രട്ടറി, ഡിജിപി എന്നിവർ മീറ്റിംഗ് ചേർന്ന് എത്രപേരുടെ നഷ്ടപരിഹാരത്തിൽ തീരുമാനമായി എന്ന കാര്യം ചർച്ച ചെയ്യണമെന്നും ഈ യോഗത്തിന്റെ മിനിറ്റ്സ് നഷ്ടപരിഹാരം നല്കുന്ന ജനറൽ ഇൻഷ്വറൻസ് മേധാവിക്ക് നല്കണമെന്നുമാണ് കേന്ദ്രനിർദേശം.
റെനീഷ് മാത്യു