കണ്ണൂർ: ബൈക്കിടിച്ച് വീട്ടമ്മ മരിച്ച സംഭവത്തിൽ ബൈക്ക് ഓടിച്ച വിദ്യാർഥിക്കും പിതാവിനുമെതിരേ കേസ്. ചക്കരക്കൽ മൗവഞ്ചേരി സ്വദേശി ചന്ദ്രനും മകനും എതിരേയാണു കേസ്.
കഴിഞ്ഞ ശനിയാഴ്ച രാവിലെയായിരുന്നു അപകടം. മാച്ചേരി കണ്ടന്പേത്ത് സാവിത്രി (62) യാണ് മരിച്ചത്. അസുഖബാധിതയായ അമ്മയെ കാണാനായി പോകുന്നതിനിടെ സാവിത്രിയെ പള്ളിപ്പൊയിൽ മഹാത്മാ മന്ദിരത്തിന് സമീപം ബൈക്കിടിക്കുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിൽ പരിക്കേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രായപൂർത്തിയാകാത്തവർക്ക് വാഹനം ഓടിക്കാൻ നൽകിയാൽ രക്ഷിതാക്കൾക്കെതിരേ കേസെടുക്കാനുള്ള വകുപ്പുപയോഗിച്ചാണ് കുട്ടിയുടെ പിതാവിനെതിരേ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ലൈസൻസില്ലാതെ വാഹനം ഉപയോഗിച്ച് അപകടത്തിൽപ്പെട്ടാൽ ഇൻഷ്വറൻസ് കന്പനികൾ നഷ്ടപരിഹാരം നൽകില്ല. കോടതി വിധിക്കുന്ന നഷ്ടപരിഹാരത്തുക രക്ഷിതാക്കളിൽനിന്ന് ഈടാക്കുകയും ചെയ്യും.
സമാനമായ സംഭവത്തിൽ ലൈസൻസില്ലാതെ പ്രായപൂർത്തിയാകാത്ത കുട്ടി ഓടിച്ച ബൈക്ക് അപകടത്തിൽപ്പെട്ട് ഓടിച്ചയാളും അപകടത്തിൽപ്പെട്ടയാളും മരിച്ച സംഭവത്തിൽ 30 ലക്ഷത്തിലധികം രൂപ കോടതി നഷ്ടപരിഹാരം വിധിച്ചിരുന്നു. ഈ തുക ബൈക്ക് ഓടിച്ചയാളുടെ രക്ഷിതാക്കളുടെ സ്വത്തു വിറ്റ് ഈടാക്കാനും കോടതി ഉത്തരവിട്ടിരുന്നു.