കൊച്ചി: വാഹനാപകടങ്ങളെത്തുടർന്ന് സംസ്ഥാനത്തെ നിരത്തുകളിൽ പൊലിയുന്ന ജീവനുകളുടെ എണ്ണം വർധിക്കുന്നു. പോലീസിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ നടന്ന 40181 അപകടങ്ങളിൽ 4,303 പേരാണ് മരണപ്പെട്ടത്.
അമിത വേഗതയാണ് ഒട്ടുമിക്ക മരണങ്ങൾക്കും ഇടയാക്കിയതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2,985 പേരാണ് അമിതവേഗതമൂലം മാത്രം ഉണ്ടായിട്ടുള്ള അപകടങ്ങളിൽ മരണപ്പെട്ടിട്ടുള്ളത്. 36965 പേർക്കാണ് അമിതവേഗതമൂലമുള്ള അപകടത്തിൽ പരിക്കേറ്റത്. ഇതിൽ 23831 പേരുടെ പരിക്ക് ഗുരുതരമാണ്.
തിരുവനന്തപുരത്താണ് ഏറ്റവുമധികം പേർ വാഹനാപകടങ്ങളെത്തുടർന്ന് മരിച്ചത്. 544 പേർ. ഇതിൽ തിരുവനന്തപുരം സിറ്റിയിൽ 202 പേരും റൂറലിൽ 342 പേരുമാണ്. രണ്ടാമത് കൊല്ലം ജില്ലയാണ്, 469 പേർ. തൊട്ടു പിന്നിലുള്ള എറണാകുളത്ത് മരിച്ചത് 458 പേർ. ഇതിൽ 141 പേർ സിറ്റിയിലും 317 പേർ റൂറലിലും നടന്നിട്ടുള്ള അപകടങ്ങളിൽ മരണപ്പെട്ടവരാണ്.
74 അപകടമരണങ്ങൾ നടന്ന വയനാട് ജില്ലയിലാണ് കഴിഞ്ഞ വർഷം ഏറ്റവും കുറവ് വാഹനാപകടങ്ങളും മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. രണ്ടാമതുള്ള ഇടുക്കി ജില്ലയിൽ 91 പേർ വിവിധ അപകടങ്ങളിൽ മരിച്ചു.
അതേസമയം നിയമപരമായി വാഹനമോടിച്ചിട്ടും റോഡിൽ ജീവൻ പൊലിഞ്ഞത് 589 പേർക്കാണ്. മറ്റ് വാഹനങ്ങൾ നിയമം ലംഘിച്ചുവന്നും റോഡുകളുടെ മോശം അവസ്ഥയും അശ്രദ്ധമായുള്ള റോഡ് ക്രോസിംഗും ഉൾപ്പെടെയുള്ള നിരവധി കാരണങ്ങൾ മൂലമാണ് ഈ അപകടങ്ങൾ.
ദിവസേന ശരാശരി 11 പേർ സംസ്ഥാനത്ത് അപകടങ്ങൾ മൂലം മരണമടയുന്നുണ്ടെന്നാണ് മോട്ടോർ വാഹനവകുപ്പിന്റെ കണക്ക്. 2016 ജൂണ് മുതൽ 2019 ഏപ്രിൽവരെ അമിതവേഗതയിൽ പിടിക്കപ്പെട്ട് 2,192 പേരുടെ ലൈസൻസുകളാണ് അയോഗ്യമാക്കിയിട്ടുള്ളത്. കഴിഞ്ഞ വർഷം മുതലാണ് അമിതവേഗതമൂലം സംഭവിക്കുന്ന അപകടങ്ങൾ ട്രാഫിക് പോലീസ് പ്രത്യേകമായി രേഖപ്പെടുത്തി പ്രസിദ്ധീകരിക്കാൻ ആരംഭിച്ചത്.
സിഗ്നലുകളിൽ ചുവന്ന വെളിച്ചം കണ്ടതിനുശേഷം വണ്ടിയെടുക്കുന്നതിനെ തുടർന്നുള്ള അപകടങ്ങൾ, റോംഗ് സൈഡ് ഡ്രൈവിംഗ് എന്നിവയും പ്രത്യേകമായി രേഖപ്പെടുത്തിത്തുടങ്ങിയതും കഴിഞ്ഞവർഷം മുതലാണ്. 105 വാഹനങ്ങളാണ് സിഗ്നൽ ലംഘിച്ചതിനെ തുടർന്ന് അപകടത്തിൽപ്പെട്ടിട്ടുള്ളത്.
ഇതിലൂടെ എട്ട് പേർ മരിക്കുകയും 121 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതേസമയം സംസ്ഥാനത്ത് അപകടങ്ങൾ പെരുകുന്നതിനെ തുടർന്ന് സുരക്ഷാ മുൻകരുതലിനായി മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച് കാമറകളൊക്കെ കണ്ണടച്ചിരിക്കുകയാണ്.143 ഓട്ടോമാറ്റിക് സ്പീഡ് എൻഫോഴ്സ്മെന്റ് കാമറകളാണ് സംസ്ഥാനത്തുടനീളം മോട്ടോർ വാഹനവകുപ്പ് സ്ഥാപിച്ചത്. ഇതിൽ 22 കാമറകൾ മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. 2011 മുതൽ കാമറകൾ സ്ഥാപിക്കാനായി 20,26,59345 രൂപയാണ് ചെലവഴിച്ചത്. കെൽട്രോൺ ആണ് കാമറകൾ സ്ഥാപിച്ചിരുന്നത്.
അഞ്ചു മുതൽ 31 വരെ കർശന വാഹനപരിശോധന
തിരുവനന്തപുരം: റോഡ് സുരക്ഷാ ആക്ഷൻ പ്ലാനിന്റെ ഭാഗമായി അഞ്ചുമുതൽ 31 വരെ സംസ്ഥാനത്ത് സംയുക്ത വാഹന പരിശോധന കർശനമായി നടത്തും. ഓരോ തീയതിയിൽ ഓരോതരം നിയമലംഘനങ്ങൾക്കെതിരെയാണ് പോലീസും മോട്ടോർ വാഹന വകുപ്പും സംയുക്ത പരിശോധനകൾ മറ്റു വിഭാഗങ്ങളുടെ കൂടി സഹകരണത്തോടെ നടപ്പാക്കുന്നത്. സംസ്ഥാനത്തെ അപകടനിരക്കും അപകട മരണനിരക്കും കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടികൾ.
ഓഗസ്റ്റ് അഞ്ചുമുതൽ ഏഴു വരെ സീറ്റ്ബെൽറ്റ് ,ഹെൽമറ്റ്, എട്ടുമുതൽ 10 വരെ അനധികൃത പാർക്കിംഗ്, 11 മുതൽ 13 വരെ അമിതവേഗം (പ്രത്യേകിച്ച് സ്കൂൾ മേഖലയിൽ), 14 മുതൽ 16 വരെ മദ്യപിച്ചുള്ള വാഹനമോടിക്കലും ലെയ്ൻ ട്രാഫിക്കും, 17 മുതൽ 19 വരെ ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം, 20 മുതൽ 23 വരെ സീബ്രാ ക്രോസിംഗും റെഡ് സിഗ്നൽ ജമ്പിംഗും, 24 മുതൽ 27 വരെ സ്പീഡ് ഗവേണറും ഓവർലോഡും, 28 മുതൽ 31 വരെ കൂളിംഗ് ഫിലിം, കോൺട്രാക്ട് കാര്യേജുകളിലെ അധികലൈറ്റുകളും മ്യൂസിക് സിസ്റ്റവും എന്നീ വിഭാഗങ്ങൾ തിരിച്ചാണ് പരിശോധന.