കൂത്തുപറമ്പ്: നിയന്ത്രണംവിട്ട ബൈക്ക് മതിലിലിടിച്ച് ബൈക്ക് യാത്രക്കാരായ സൈനികനും സുഹൃത്തും മരിച്ചു. ഇന്നു പുലർച്ചെ 2.45 ഓടെ താഴെ കായലോട് വച്ചാണ് അപകടം ഉണ്ടായത്.
ആർമി ഉദ്യോഗസ്ഥൻ മാവിലായി സ്കൂൾചിറ എരിഞ്ഞേരി വീട്ടിൽ സുരേശന്റെ മകൻ വി.വൈശാഖ് (21), മാവിലായി പൂജയിൽ ബാബുവിന്റെ മകൻ അഭിഷേക് ബാബു (23) എന്നിവരാണ് മരിച്ചത്.
കൂത്തുപറമ്പ് ഭാഗത്തു നിന്ന് മമ്പറം ഭാഗത്തേക്ക് പോകുകയായിരുന്നു ഇരുവരും.വിവരമറിഞ്ഞ് സംഭവസ്ഥലത്ത് പോലീസ് എത്തുമ്പോഴേക്കും ഇരുവരും മരിച്ചിരുന്നു.
അഭിഷേക് ബാബുവിന്റെ പേരിലുള്ളതാണ് അപകടത്തിൽപ്പെട്ട ബൈക്ക്. രണ്ടുപേരുടേയും മൃതദേഹങ്ങൾ കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കോവിഡ് പരിശോധനാ ഫലം ലഭിച്ചതിനു ശേഷമാകും പോസ്റ്റ്മോർട്ടം നടത്തുകയെന്ന് പിണറായി എസ്ഐ കെ.വി.ഉമേശൻ പറഞ്ഞു.