കറുകച്ചാൽ: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച ശേഷം ബൈക്ക് നിർത്തിയിട്ടിരുന്ന സ്കൂട്ടറിനെയും ഇടിച്ചുതെറിപ്പിച്ചു. അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. കങ്ങഴ പിജിഎം കോളജ് രണ്ടാം വർഷ ബിബിഎ വിദ്യാർഥി പാന്പാടി കോത്തല രമാനിവാസിൽ അജീഷിന്റെ മകൻ എബിൻ (19) ആണ് മരിച്ചത്.
മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നു പുലർച്ചെയാണ് മരണം സംഭവിച്ചത്. മൃതദേഹം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സ്കൂട്ടർ യാത്രക്കാരി ദേവഗിരി കണ്ണംചിറ പുലിയളയ്ക്കൽ അനിത മോഹനൻ (44) പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുകയാണ്.
ഇന്നലെ രാവിലെ ഒൻപതിന് ദേവഗിരി -കോവേലി റോഡിൽ വാവോലിപ്പടിക്കലായിരുന്നു അപകടം.സ്കൂട്ടർ നിർത്തിയ ശേഷം പരിചയക്കാരിയുമായി സംസാരിച്ചു നിൽക്കുകയായിരുന്നു അനിത. പിന്നാലെ എത്തിയ എബിൻ സഞ്ചരിച്ചിരുന്ന ബൈക്ക് എതിർദിശയിലെത്തിയ ബസിൽ ഇടിച്ച ശേഷം നിയന്ത്രണംവിട്ട് അനിതയുടെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാത്തിൽ ഇരുവരും സമീപത്തെ റബർതോട്ടത്തിലേക്ക് തെറിച്ചുവീണു. സാരമായി പരിക്കേറ്റ ഇവരെ നാട്ടുകാർ ചേർന്ന് കങ്ങഴയിലെ സ്വകാര്യാശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു.