തിരുവല്ല: എംസി റോഡിൽ ആറാട്ട് കടവ് ജംഗ്ഷനിൽ ലോറിയും കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ലോറി ക്ലീനർ ചെങ്ങറ പട്ടിമറ്റം കട്ടക്കളത്തിൽ എ.അജ്മൽ (24) ആണ് മരിച്ചത്. അപകടത്തിൽപ്പെട്ട ബൈക്ക് യാത്രക്കാരൻ കല്ലിശ്ശേരി ചക്കാലയിൽ മുരളിധരൻ, കാർ ഡ്രൈവർ തിരുവല്ല പൈനുംമൂട്ടിൽ വർഗീസ് മാത്യു (54) എന്നിവർക്ക് പരിക്കേറ്റു.
ചെങ്ങന്നൂർ ഭാഗത്തു വരികയായിരുന്ന ലോറി മുന്നിൽ പോകുകയായിരുന്ന കാറിൽ ഇടിക്കുകയും തുടർന്ന് നിയന്ത്രണം വിട്ട് മറിഞ്ഞ ലോറിയുടെ അടിയിൽ ക്ലീനർ അകപ്പെടുകയുമായിരുന്നു. ഈ സമയം പിന്നാലെ എത്തിയ ബൈക്ക് ലോറിയിൽ ഇടിക്കുകയായിരുന്നു.
ഓടിയെത്തിയ നാട്ടുകാർ മറിഞ്ഞു കിടന്ന ലോറി ഉയർത്താൻ ശ്രമിച്ചെങ്കിലും കഴിയാഞ്ഞതിനെ തുടർന്ന് ക്രെയിൻ എത്തിച്ച് വാഹനം ഉയർത്തി അജ്മലിനെ പുറത്തെടുത്തുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റവരെ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.