തിരുവനന്തപുരം: വെള്ളയന്പലത്ത് ബസുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കോഴിക്കോട് സ്വദേശി അജ്മൽ (28) ആണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെ വെള്ളയന്പലം ഐലൻഡ് ജംഗ്ഷന് സമീപമായിരുന്നു അപകടം. ടൈറ്റാനിയത്തിലെ ജീവനക്കാരെ വീടുകളിലെത്തിക്കാനായി പോകുകയായിരുന്ന ബസിന്റെ സൈഡിൽ അജ്മൽ ഓടിച്ചിരുന്ന ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റ യുവാവിനെ പോലീസും പ്രദേശവാസികളും ചേർന്ന് സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അർധരാത്രി പന്ത്രണ്ടരയോടെ മരണം സംഭവിക്കുകയായിരുന്നു. തന്പാനൂരിലെ ഒരു ട്രാവൽ ഏജൻസിയിലെ ജീവനക്കാരനാണ് അജ്മൽ. ട്രാഫിക് പോലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.