കൊടകര: ദേശീയപാതയിലെ നെല്ലായിക്കടുത്തു കൊളത്തൂരിൽ നടന്നുപോകുകയായിരുന്ന മലയാറ്റൂർ തീർഥാടകർക്കിടയിലേക്കു ലോറി പാഞ്ഞു കയറി യുവാവ് മരിച്ചു. മൂന്നുപേർക്കു പരിക്കേറ്റു. പാവറട്ടി വെന്മേനാട് മൂക്കോല വീട്ടിൽ വാസന്റെ മകൻ അക്ഷയ് (20) ആണ് മരിച്ചത്.
അക്ഷയ്യുടെ സുഹൃത്ത് ചിറ്റാട്ടുകര എളവള്ളി അരിന്പൂർ വീട്ടിൽ ജോണിയുടെ മകൻ ജെറിൻ(21), എരുമപ്പെട്ടി കൊള്ളന്നൂർ ഗീവറിന്റെ മകൻ ഷാലിൻ(19), എരുമപ്പെട്ടി അന്തിക്കാട് വീട്ടിൽ ജെയിംസിന്റെ മകൻ ഗബ്രിയേൽ(19) എന്നിവർക്കാണ് പരിക്കേറ്റത്.
അക്ഷയ് വെള്ളറക്കാട് തേജസ് എൻജിനീയറിംഗ് കോളജ് വിദ്യാർത്ഥിയാണ്. ഗബ്രിയേലിനേയും ഷാലിനേയും ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിലും ജെറിനെ കൊടകര ശാന്തി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഗബ്രിയേലിന്റെ പരിക്ക് ഗുരുതരമാണെന്നു പോലിസ് പറഞ്ഞു. ജെറിനെ പ്രഥമിക ചികിത്സയ്ക്കു ശേഷം വിട്ടയച്ചു. ഇന്നു പുലർച്ചെ രണ്ടേമുക്കാലോടെയായിരുന്നു അപകടം.
ചാലക്കുടി ഭാഗത്തേക്കുള്ള പ്രധാന പാതയിൽ കൊളത്തൂർ തൂപ്പൻകാവ് പാലത്തിനു സമീപമായിരുന്നു അപകടം. റോഡരികിൽ നിർത്തിയിട്ടിരുന്ന ചരക്കുലോറിക്കു പിറകിലിടിച്ച് നിയന്ത്രണം വിട്ട ലോറിയാണ് നടന്നുപോയിരുന്ന തീർത്ഥാടകർക്കിടയിലേക്കു പാഞ്ഞുകയറിയത്. ഒഴിഞ്ഞ ഗ്യാസ് സിലിണ്ടറുകളുമായി തമിഴ്നാട്ടിൽനിന്ന് തിരുവന്തപുരത്തേക്കു പോകുകയായിരുന്നു ലോറി.
ലോറിയുടെ പിൻചക്രത്തിനടിയിൽപെട്ടാണ് അക്ഷയ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് സുഹൃത്തുക്കൾക്കൊപ്പം ഇവർ പാവറട്ടിയിൽനിന്ന് മലയാറ്റൂരിലേക്ക് കാൽനടയായി പുറപ്പെട്ടത്. അക്ഷയ്യുടെ മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.
അപകടസമയം അതുവഴി വന്ന കൊടകര പോലിസും പട്രോളിംഗ് നടത്തുകയായിരുന്ന ഹൈവേ പോലിസുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. പുതുക്കാടുനിന്ന് ഫയർഫോഴ്സും സ്ഥലത്തെത്തി. ലോറി ഡ്രൈവർ പൊള്ളാച്ചി സ്വദേശി പാണ്ഡിരാജിനെ പോലിസ് അറസ്റ്റുചെയ്തു. ഇടിച്ച ലോറിയും കസ്റ്റഡിയിലെടുത്തു.