ആലപ്പുഴ: സ്വന്തമായ വീടെന്ന ദീർഘ കാലത്തെ സ്വപ്നം ബാക്കിയാക്കി അനിലും കുടുംബവും യാത്രയായി. ഒരു പതിറ്റാണ്ടിലേറെയായി വാടക വീടുകളിൽ താമസിച്ചിരുന്ന അനിലിന്റെയും മാതാവ് രാജമ്മയുടെയും സ്വപ്നമായിരുന്നു സ്വന്തമായി ഒരു വീട് എന്നത്. എന്നാൽ ഇത് സ്വപ്നമായി അവേശിപ്പിച്ചാണ് രാജമ്മയും അനിലും മകൻ മിഥുനും യാത്രയായത്.
കുറ്റിത്തെരുവിലുണ്ടായ വാഹനാപകടത്തിൽ മൂന്നുപേരുടെ ജീവൻ പൊലിഞ്ഞപ്പോൾ ഒരു കുടുംബമാണ് ഇല്ലാതായത്. തലവടി ശാസ്ത്രിപുരത്തെ അനിലിന്റെ അച്ഛന്റെ കുടുംബ വീടായ വള്ളികാട് വീട്ടിലാണ് ഇവരുടെ ബന്ധുക്കളുള്ളത്. ഇന്നലെ രാവിലെ അപകട വാർത്ത അറിഞ്ഞപ്പോഴുണ്ടായ ഞെട്ടലിൽ നിന്നും ബന്ധുക്കൾ ഇപ്പോഴും മുക്തരായിട്ടില്ല.
തലേദിവസം കുടുംബവീടിന് സമീപത്തെ ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുത്ത് മടങ്ങിയ മൂവരുടെയും വിയോഗം ആർക്കും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. വർഷങ്ങൾക്ക് മുന്പ് ആര്യാട് ബിഎഡ് സെന്ററിന് സമീപത്തുള്ള വീട് വിറ്റിരുന്നെങ്കിലും മാസത്തിലൊരിക്കലെങ്കിലും രാജമ്മയും അനിലും മിഥുനും കുടുംബവീട്ടിലെത്തിയിരുന്നു.
ഇന്നലെ രാവിലെ അടൂരുള്ള മകളുടെ വീടിന്റെ നിർമാണ ചടങ്ങിൽ പങ്കെടുക്കുന്നതിനായി പോകുന്നതിനിടയിലായിരുന്നു ടിപ്പർ ലോറിയുടെ രൂപത്തിലെത്തിയ അപകടം മൂന്നുപേരുടെയും ജീവനെടുത്തത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പഠിച്ചിരുന്ന കളർകോട് എൽപി സ്കൂളിൽ മിഥുന്റെ മൃതദേഹം പൊതുദർശനത്തിനുവച്ചശേഷം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.
രാജമ്മയുടെ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.