പത്തനംതിട്ട: പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ ഉതിമൂടിനും മണ്ണാരക്കുളഞ്ഞിക്കും മധ്യേ വെളിവയല്‍പടി ഇറക്കത്തില്‍ വീണ്ടും അപകടം. ഇന്നലെ രാത്രി കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ചല്‍ ഏറം തടിക്കാട് രതീഷ് ഭവനില്‍ രതീഷാണ് (42) മരിച്ചത്. മൂന്നുപേര്‍ക്ക് പരിക്കേറ്റു.
ആസാം റൈഫിള്‍സ് ഉദ്യോഗസ്ഥനാണ് മരിച്ച രതീഷ്. ഒപ്പമുണ്ടായിരുന്ന അഞ്ചല്‍ പാര്‍വതി മന്ദിരത്തില്‍ അഭിജിത്തിനും (30) എതിരേ വന്ന കാറിലുണ്ടായിരുന്ന പത്തനംതിട്ട മേരിമാത കോണ്‍വന്റിലെ സിസ്്റ്റര്‍ റോസിറ്റ, സിസ്റ്റര്‍ ഡോണ, സിസ്റ്റര്‍ മരിയ എന്നിവര്‍ക്കും പരിക്കേറ്റു.
അഞ്ചലില്‍നിന്നു കട്ടപ്പനയ്ക്കു പോകുകയായിരുന്നു രതീഷും അഭിജിത്തും. കന്യാസ്ത്രീകള്‍ സഞ്ചരിച്ച കാര്‍ കൂത്താട്ടുകുളത്തുനിന്നു പത്തനംതിട്ടയ്ക്കു വരികയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ അഭിജിത്തിനെയും സിസ്റ്റര്‍ ഡോണയെയും കോട്ടയം മെഡിക്കല്‍ കോളജിലും മറ്റു രണ്ടുപേരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പിഎം റോഡിനന്റെ പുനര്‍നിര്‍മാണത്തിനുശേഷം ഈ ഭാഗത്ത് അപകടങ്ങള്‍ വര്‍ധിച്ചിരിക്കുകയാണ്. വളവും ഇറക്കവും നിറഞ്ഞ ഭാഗത്ത് മണ്ണാരക്കുളഞ്ഞിയില്‍ നിന്നു വരുന്ന വാഹനങ്ങള്‍ അമിതവേഗത്തിലായാല് നിയന്ത്രണം നഷ്ടപ്പെടുന്ന സ്ഥിതിയാണ്.
ബൈക്ക് യാത്രക്കാര്‍ക്കടക്കം ഇതിനോടകം ഈ ഭാഗത്ത് ജീവന് നഷ്ടപ്പെട്ടു. നിര്‍മാണ ഘട്ടത്തില്‍ തന്നെ അശാസ്ത്രീയത ചൂണ്ടിക്കാട്ടിക്കപ്പെട്ട ഭാഗമാണ്.